കണ്ണൂര്‍: ശാസ്ത്രബോധത്തിന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തിലാണെന്ന് സി.പി.ഐ.എം പി.ബി അംഗം എം.എ. ബേബി. ഈ സാഹചര്യത്തിലാണ് ശാസ്ത്ര ബോധത്തോടെയുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ വര്‍ഗീയവിഷം കുത്തിച്ചെലുത്തി വ്യാഖ്യാനിച്ചാണ് ഷംസീറിനെതിരെ ദണ്ഡുമായി ആര്‍.എസ്.എസുകാര്‍ ഇറങ്ങിയിരിക്കുന്നതെന്നും എം.എ. ബേബി വിമര്‍ശിച്ചു. ‘കേരളത്തില്‍ ഇക്കാര്യം പോലും വിവാദവിഷയം ആക്കാന്‍ ആര്‍.എസ്.എസിന് ആവുന്നു എന്നത് അവഗണിക്കേണ്ട കാര്യമല്ല.
നമ്മുടെ വിദ്യാഭ്യാസത്തെയും മതേതര ജീവിതത്തെയും അലങ്കോലമാക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന ഈ ശ്രമത്തെ എല്ലാ ജനാധിപത്യവാദികളും കക്ഷി ഭേദമന്യേ എതിര്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ പ്രതിപക്ഷമായ യു.ഡി.എഫ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കണം,’ ബേബി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഈ വിമര്‍ശനം.
ശാസ്ത്രബോധം അടിസ്ഥാനമാക്കിയ വിദ്യാഭ്യാസം എന്നതാണ് നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം മുന്നോട്ടുവച്ച ആശയമെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘കാലാകാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലാ വര്‍ഗീയശക്തികളോടും ഒത്തുതീര്‍പ്പ് ഉണ്ടാക്കി ഈ ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തില്‍ പരിക്കുകള്‍ ഏല്പിച്ചിട്ടുണ്ട്. എന്നാലും നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥ പ്രായേണ അവയെ അതിജീവിച്ചു.
ഈ ശാസ്ത്രബോധത്തിന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തില്‍ ആണ്. നമ്മുടെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എല്ലാം പ്രതിസന്ധിയില്‍ ആണ്. പലതും അടച്ചു പൂട്ടുന്നു.
പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ പേരിലും പാഠപുസ്തക പരിഷ്‌കരണത്തിന്റെ പേരിലും നടത്തുന്ന ഇടപെടലുകള്‍ ശാസ്ത്രബോധത്തെ തകര്‍ക്കാനും ചരിത്രത്തെ കാവിവല്‍ക്കരിക്കാനും ആണ്,’ എം.എ ബേബി വിമര്‍ശിച്ചു.
ശാസ്ത്രബോധം അടിസ്ഥാനമാക്കിയ വിദ്യാഭ്യാസം എന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനം മുന്നോട്ടുവച്ച ആശയം. ബ്രിട്ടീഷ് കൊളോണിയല്‍ നുകത്തില്‍ നിന്ന് നമ്മുടെ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ഈ സമീപനത്തിന് വലിയ ഒരു പങ്കു വഹിക്കാന്‍ കഴിഞ്ഞു.
ഹിന്ദു വിദ്യാഭ്യാസമോ മുസ്ലിം വിദ്യാഭ്യാസമോ ക്രിസ്ത്യന്‍ വിദ്യാഭ്യാസമോ ആയിരുന്നില്ല സ്വതന്ത്ര ഇന്ത്യ സ്വീകരിച്ചത്. കാലാകാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലാ വര്‍ഗീയശക്തികളോടും ഒത്തുതീര്‍പ്പ് ഉണ്ടാക്കി ഈ ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തില്‍ പരിക്കുകള്‍ ഏല്പിച്ചിട്ടുണ്ട്. എന്നാലും നമ്മുടെ വിദ്യാഭ്യാസവ്യസ്ഥ പ്രായേണ അവയെ അതിജീവിച്ചു.
ഈ ശാസ്ത്രബോധത്തിന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ നരേന്ദ്ര മോദി ഭരണത്തില്‍ ആണ്. നമ്മുടെ ശാസ്ത്രഗവേഷണസ്ഥാപനങ്ങള്‍ എല്ലാം പ്രതിസന്ധിയില്‍ ആണ്. പലതും അടച്ചു പൂട്ടുന്നു. സാമൂഹ്യശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളുടെയും നില വ്യത്യസ്തമല്ല. നമ്മുടെ അഭിമാനമായിരുന്ന സര്‍വകലാശാലകള്‍ ഒക്കെയും തകര്‍ച്ചയുടെ വക്കിലാണ്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിലും പുത്തന്‍ വിദ്യാഭ്യാസ നയത്തിന്റെ പേരിലും പാഠപുസ്തക പരിഷ്‌കരണത്തിന്റെ പേരിലും നടത്തുന്ന ഇടപെടലുകള്‍ ശാസ്ത്രബോധത്തെ തകര്‍ക്കാനും ചരിത്രത്തെ കാവിവല്‍ക്കരിക്കാനും ആണ്. ഈ സാഹചര്യത്തിലാണ് ശാസ്ത്ര ബോധത്തോടെയുള്ള വിദ്യാഭ്യാസം ആണ് വേണ്ടത് എന്ന് സ്പീക്കര്‍ ശ്രീ എ.എന്‍. ഷംസീര്‍ പ്രസംഗിച്ചതിനെ വര്‍ഗീയവിഷം കുത്തിച്ചെലുത്തി വ്യാഖ്യാനിച്ച് അദ്ദേഹത്തിനെതിരെ ദണ്ഡുമായി ആര്‍എസ്എസുകാര്‍ ഇറങ്ങിയിരിക്കുന്നത്.
കേരളത്തില്‍ ഇക്കാര്യം പോലും വിവാദവിഷയം ആക്കാന്‍ ആര്‍.എസ്.എസിന് ആവുന്നു എന്നത് അവഗണിക്കേണ്ട കാര്യമല്ല. നമ്മുടെ വിദ്യാഭ്യാസത്തെയും മതേതര ജീവിതത്തെയും അലങ്കോലമാക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന ഈ ശ്രമത്തെ എല്ലാ ജനാധിപത്യവാദികളും കക്ഷി ഭേദമന്യേ എതിര്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ പ്രതിപക്ഷമായ യു.ഡി.എഫ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കണം.
Content Highlights: ma baby defends stands of speaker an shamseer