| Thursday, 3rd November 2016, 9:25 pm

അക്ഷയ മുകുളിന്റേത് അസാധാരണ ധീരതയുള്ള പ്രവൃത്തി; ഗോയങ്ക പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അക്ഷയ മുകുളിന്റേത് അസാധാരണ ധീരതയുള്ള പ്രവൃത്തിയാണെന്ന് എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കല്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ചടങ്ങ് ബഹിഷ്‌കരിച്ച ഈ വര്‍ഷത്തെ രാംനാഥ് ഗോയങ്ക അവാര്‍ഡ് ജേതാവ് അക്ഷയ മുകുളിന് പിന്തുണയുമായി എം.എ ബേബി.

അക്ഷയ മുകുളിന്റേത് അസാധാരണ ധീരതയുള്ള പ്രവൃത്തിയാണെന്ന് എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയിലെ പത്രങ്ങള്‍ പൊതുവേ ഇന്നത്തെ സര്‍ക്കാരിന്റെ അമിതാധികാര രീതിയെ ചോദ്യം ചെയ്യുന്നില്ല. പല പത്രപ്രവര്‍ത്തകരും ആ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാരിനെ അനുകൂലിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ആ സമയത്താണ്, മോദിയും ഞാനും ഒരേ ഫ്രെയിമില്‍ വരുന്ന ചിത്രവുമായി എനിക്ക് ജീവിക്കാനാവില്ല എന്നു പറഞ്ഞുകൊണ്ട് അക്ഷയ മുകുള്‍ ഈ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇന്ത്യയിലെ കൂടുതല്‍ കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ക്ക് ജനാധിപത്യത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാന്‍ ഈ സംഭവം പ്രേരണയാകും എന്നു ഞാന്‍ കരുതുന്നുവെന്ന് വ്യക്തമാക്കിയ എം.എ ബേബി അക്ഷയിന് അഭിനന്ദനങ്ങളും നേര്‍ന്നു.

ടൈംസ് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ അക്ഷയ മുകുള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പക്കല്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ഈ വര്‍ഷത്തെ രാംനാഥ്
ഗോയങ്ക പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.

20 വര്‍ഷത്തോളമായി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ടറാണ് ഇദ്ദേഹം. ഗീത പ്രസ്സ് ആന്റ് ദ മേക്കിംഗ് ഓഫ് ഇന്ത്യ എന്ന കൃതിയാണ് അക്ഷയ മുകുളിനെ ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലാണ് ഈ കൃതി പുരസ്‌കാരം നേടിയത്. ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര പരമായ വിഷയങ്ങിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ കൃതി മോദിയുടെ രാഷ്ട്രീയത്തിന് വിപരീതവുമായിരുന്നു.

അക്ഷയ മുകുളിന്റെ അസാന്നിധ്യത്തില്‍ പുസ്തകത്തിന്റെ പ്രസാദകരായ ഹാര്‍പര്‍കോളിന്‍സ് ഇന്ത്യ ചീഫ് എഡിറ്റര്‍ കൃഷ്ണന്‍ ചോപ്രയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

താനും മോദിയും ഒരേ ഫ്രെയിമില്‍ ഉണ്ടാവുകയും ക്യാമറക്കു നേരെ ചിരിക്കുകയും പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ ഹസ്തദാനം നടത്തുകയും ചെയ്യുക എന്ന ആശയത്തില്‍ ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്നും മുകുള്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more