| Thursday, 12th January 2017, 11:03 am

കമലിനെ എതിര്‍ക്കുന്നവര്‍ ഉപയോഗിക്കുന്നത് ഗോഡ്‌സെയുടെ വാക്കുകള്‍: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കണമെന്നും എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ കമലിന് നേരേയുള്ള സംഘപരിവാര്‍ ഗുണ്ടായിസത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് എം.എ ബേബി പറഞ്ഞു. വിഷം പുരട്ടിയ കത്തിയും വിഷം പുരട്ടിയ വെടിയും വിഷലിപ്തമായ ഭാഷയുമാണ് സംഘപരിവാര്‍ ഫാസിസം തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ നേരെ പ്രയോഗിക്കുന്നതെന്നും ബേബി കുറ്റപ്പെടുത്തി.


തങ്ങള്‍ക്ക് യോജിപ്പില്ലാത്ത വാക്കും പ്രവര്‍ത്തിയും അനുവദിക്കില്ലന്നാണ് അവര്‍ പറയുന്നത്. നമ്മുടെ ഇഷ്ടത്തോടൊപ്പം മറ്റുള്ളവര്‍ക്കും ഇഷ്ടങ്ങളുണ്ടെന്ന് അംഗീകരിക്കലാണ് ജനാധിപത്യത്തിന്റെ പ്രാഥമികതത്വം. അത് ചര്‍ച്ച ചെയ്യാന്‍ പൊതുയോഗം ചേരേണ്ട ഗതികേടിലേക്ക് ഇന്ത്യ പോയിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ യഥാര്‍ഥ ഹിന്ദുവായ ഗാന്ധിജിയെ വധിച്ച ഗോദ്‌സേയുടെ ശബ്ദത്തിലാണ് സംഘ്പരിവാര്‍ സംസാരിക്കുന്നതെന്നും എം.എ ബേബി പറഞ്ഞു.

കമലിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞെങ്കില്‍ നാളെ തന്നെ ഇസ്രായലിലേക്ക് ഓടിക്കുമോയെന്ന  ഭയമാണ് ഉള്ളതെന്ന് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു.

കമലിന്റെ സ്വദേശമായ കൊടുങ്ങല്ലൂരില്‍ “ജന്മനാടിന്റെ ഒരു ഐക്യദാര്‍ഢ്യം” എന്ന പേരില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

കലാസാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമടക്കം നൂറ് കണക്കിന് ജനങ്ങളാണ് കമലിന് ഐക്യദാര്‍ഢ്യവുമായി കൊടുങ്ങല്ലൂരില്‍ എത്തിയത്.

നാട്ടിലെ ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. അസഹിഷ്ണുതയോടെ സംഘപരിവാര്‍ നടത്തുന്ന ആരോപണങ്ങളെ തള്ളണമെന്നും കമലിന് പ്രതിരോധം തീര്‍ക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

അഭിപ്രായത്തിന്റെയും നിലപാടുകളുടെയും പേരില്‍ സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി നേതാക്കള്‍ പ്രസ്താവനയും പ്രതിഷേധവും തുടരുന്നതിനിടെയാണ് അദേഹത്തിന്റെ ജന്മനാട്ടില്‍ രാഷ്ട്രീയ ഭേദമന്യേ ഐക്യദാര്‍ഡ്യ സംഗമം നടത്തിയത്.

വി.ടി ബല്‍റാം എം.എല്‍.എ, ബിനോയ് വിശ്വം, എന്‍.എസ് മാധവന്‍, സാറാ ജോസഫ്, കെ വേണു, സംവിധായകരായ ലാല്‍ജോസ്, ആഷിക് അബു, നടിമാരായ റിമ കല്ലിങ്കല്‍, സജിത മഠത്തില്‍,  വൈശാഖന്‍, സുനില്‍ പി ഇളയിടം, ശീതള്‍ ശ്യാം,  എന്‍.മാധവന്‍ കുട്ടി, രാവുണ്ണി, ദീപാ നിശാന്ത് തുടങ്ങി രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more