കൊല്ലം: കലാലയ രാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവ് അപമാനകരമെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി. അടിയന്തരാവസ്ഥ കാലത്ത് പോലും കലാലയ രാഷട്രീയം നിരോധിച്ച ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
Also Read: സോളാര്‍ തുടരന്വേഷണം; മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മന്ത്രിസഭയില്‍ വിമര്‍ശനം
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പോകുന്നതെന്നും കഴിഞ്ഞയാഴ്ചയായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയപരമായി സമരം ചെയ്യാന്‍ പാടില്ലെന്നും സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
വിദ്യാര്‍ത്ഥി സംഘടനകള്‍ ഉത്തരവിനെതിരെ രംഗത്ത് വന്നെങ്കിലും കോടതി നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിലാണ് കോടതി ഉത്തരവിനെതിരെ എം.എ ബേബി രംഗത്തെത്തിയത്. കൊല്ലം ടൗണ്‍ ഹാളില്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരവിനെക്കുറിച്ച് പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കില്‍ കോടതിയില്‍ വിശദീകരണം നല്‍കാന്‍ താന്‍ തയ്യാറാണെന്നും മുന്‍ കേരളാ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
“ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെയാണ് കര്‍ഷകര്‍ അടക്കമുള്ളവരുടെ ജീവിതം ഇന്ന് മുന്നോട്ടുപോകുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ഇരുട്ടിന്റെ ശക്തികള്‍ ചങ്ങലയിലിട്ടിരിക്കുകയാണ്. അത് പൊട്ടിച്ചെറിയണം. വിശാലമായ ജനാധിപത്യമൂല്യത്തില്‍ നിന്ന് ജയിച്ചുവന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് അത്തരം മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണം” അദ്ദേഹം പറഞ്ഞു.