സി.പിഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താന്‍ മാറുമെന്ന വാര്‍ത്തകളെ തള്ളി ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ രംഗതെത്തിയിരുന്നു. എന്നാല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറാനുള്ള സാധ്യത ഇപ്പോഴും അവശേഷിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങള്‍.
കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞാല്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമായി പ്രധാനമായും രണ്ട് പേരുകളാണ് സി.പി.ഐ.എം വൃത്തങ്ങളില്‍ ഉള്ളത്. ഒന്ന് എം.എ ബേബി, രണ്ട് പി. ജയരാജന്‍. നേരത്തെ എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പേര് നേരത്തെ സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും ആന്തൂര്‍ സംഭവം ആ സാധ്യതയെ പൂര്‍ണ്ണമായും ഇല്ലാതാക്കി കളഞ്ഞിട്ടുണ്ട്.
പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സെക്രട്ടറിയാക്കിയാല്‍ കണ്ണൂര്‍ ലോബി തുടര്‍ച്ചയായി സെക്രട്ടറി സ്ഥാനം കൈയ്യാളുന്നു എന്ന ആക്ഷേപത്തെ ഇല്ലാതാക്കുമെന്നാണ് ചില നേതാക്കള്‍ കരുതുന്നത്. സൗമ്യ സ്വഭാവവും സൈദ്ധാന്തിക മേഖലയിലുള്ള മികവും ഉള്ള എം.എ ബേബിയെ സെക്രട്ടറിയാക്കിയാല്‍ സി.പി.ഐ.എമ്മിന് നിലവിലെ പ്രതിച്ഛായയില്‍ വലിയ മാറ്റം വരുത്താനാകുമെന്നും ഇവര്‍ കരുതുന്നു.
വടകരയിലെ തോല്‍വി വലിയ ക്ഷീണമാണ് സമ്മാനിച്ചതെങ്കിലും പി. ജയരാജന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അംഗീകാരമാണ് ഉള്ളത്. കണ്ണൂര്‍ ജില്ലയില്‍ മുതിര്‍ന്ന നേതാക്കളില്‍ ഭൂരിപക്ഷം പേരും എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും പ്രവര്‍ത്തകരുടെ പിന്തുണ തന്നെയാണ് ജയരാജന്റെ ബലം. പാര്‍ട്ടി കോട്ടയായ ആന്തൂരില്‍ പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ജില്ലാ സെക്രട്ടറിയല്ലാതിരുന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്നത് പി.ജയരാജനാണ്. സാമ്പത്തിക ആരോപണങ്ങള്‍ ഒന്നു പോലും തനിക്കെതിരെ കേള്‍പ്പിക്കാത്ത കാര്യത്തില്‍ ജയരാജനെ അണികള്‍ക്ക് ഇഷ്ടമാണ്. അത് കൊണ്ട് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയും പിന്നീട് ഉണ്ടായ സംഭവങ്ങളും പാര്‍ട്ടിയ്ക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയ ഈ സമയത്ത് പരിഹാരത്തിനായി ജയരാജനെ സെക്രട്ടറി സ്ഥാനമേല്‍പ്പിക്കുമോ എന്നാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇല്ലാത്തത് ജയരാജന് സെക്രട്ടറിയാവാന്‍ തടസ്സമാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.