തിരുവനന്തപുരം: ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ കേരളത്തെ അഭിനന്ദിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ നമ്മള്‍ ഭയപ്പെടണമായിരുന്നെന്ന് എം.എം ബേബി. കേരളത്തില്‍ വേരുറപ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ ശ്രമങ്ങള്‍ക്ക് ഇടതുപക്ഷം തടസ്സം നില്‍ക്കുന്നതാണ് അവരെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നും ബേബി പറഞ്ഞു.
ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച “കേരളം ദൈവത്തിന്റെ സ്വന്തം നാടോ ദൈവവിരുദ്ധരുടെ നാടോ?” എന്ന ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് ദ ന്യൂസ് മിനിറ്റിലെഴുതിയ ലേഖനത്തിലാണ് ബേബി ഇങ്ങനെ പറയുന്നത്.
കേരളം എടുക്കുന്ന പുരോഗമന മതേതര നിരപാടിനോടുള്ള ആര്‍.എസ്.എസിന്റെ അസഹിഷ്ണുതയാണ് ഈ ലേഖനത്തിലൂടെ പുറത്തേക്കുവരുന്നതെന്നും ബേബി പറഞ്ഞു. കേരളത്തിലെ സ്ത്രീകളെയും ദളിതരെയും മതന്യൂനപക്ഷങ്ങളെയും കുറിച്ചുള്ള ഒരു വിദ്വേഷപ്രസംഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.എം.എസുമായി ബന്ധപ്പെട്ട ആര്‍.എസ്.എസ് നടത്തിയ ആരോപണങ്ങള്‍ ദളിതരെക്കുറിച്ചുള്ള സംഘപരിവാരവീക്ഷണം മുഴുവന്‍ വ്യക്തമാക്കുന്നതാണ്. ദളിതരുടെ അവകാശങ്ങള്‍ക്കായി ആധുനിക കേരളത്തില്‍ പോരാടിയിട്ടുള്ളത് കമ്യൂണിസ്റ്റുകാരാണ്. ആര്‍.എസ്.എസ്സിനെ നിരാശപ്പടുത്തിക്കൊണ്ട് തങ്ങള്‍ അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണ് കണ്ണൂര്‍ എന്ന ആരോപണത്തെയും ബേബി പ്രതിരോധിക്കുന്നുണ്ട്. ഈ വര്‍ഷം ആര്‍.എസ്.എസുകാരാല്‍ നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടെന്ന് ബേബി ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖ്യകുറ്റവാളി ആര്‍.എസ്.എസ് ആണെന്നും ബേബി പറയുന്നു.
1925 ല്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ മുതല്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. 1921 ലെ മലബാര്‍ കലാപമാണ് ആര്‍.എസ്.എസ് സ്ഥാപനത്തെ ന്യായീകരിക്കാന്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയ സംഭവം. കേരളത്തിലെ പകുതിയോളം വരുന്ന മതന്യൂനപക്ഷം ഹിന്ദു ഭൂരിപക്ഷത്തിന് ഭീഷണിയാണെന്ന് അന്നുമുതല്‍ അവര്‍ പറഞ്ഞു പരത്തി. മനുഷ്യര്‍ തമ്മില്‍ ഏത് മതത്തിലെ വിശ്വാസി ആണെന്നതിന്റെ അടിസ്ഥാനത്തിലാവണം ഇടപെടേണ്ടതെന്ന് സ്ഥാപിക്കാനാണ് കേരളത്തില്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നത്. എന്നാല്‍ കേരള ജനത അത് വകവെച്ചു കൊടുത്തിട്ടില്ല.
ദില്ലിയിലെ കേരള ഹൌസില്‍ ബീഫ് വിളമ്പുന്നു എന്ന പേരില്‍ ചില ആര്‍.എസ്.എസുകാര്‍ ഉണ്ടാക്കിയ പുകിലും തുടര്‍ന്ന് ദില്ലി പോലീസ് നടത്തിയ റെയ്ഡും അതിനോട് കേരളത്തിലുണ്ടായ പ്രതികരണവുമാണ് ഇപ്പോള്‍ ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബീഫിന്റെ പേരില്‍ ഇന്ത്യയിലൊട്ടാകെയുണ്ടായ പ്രശ്‌നങ്ങള്‍ ഭയന്ന് പലയിടത്തും പോത്തിറച്ചി പോലും വേണ്ടെന്നുവെച്ചപ്പോള്‍ കേരളം വീണ്ടും വീണ്ടും ബീഫ് വിളമ്പിക്കൊണ്ടാണ് പ്രതിഷേധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലേഖനത്തില്‍ ആര്‍.എസ്.എസ് ഉയര്‍ത്തിയ വാദങ്ങള്‍ നുണപ്രചരണങ്ങളാണെന്ന് അദ്ദേഹം എടുത്ത് പറയുകയും ചെയ്യുന്നുണ്ട്. 2006ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മദ്രസ അധ്യാപകരെയും പള്ളികളിലെ മുല്ലമാരെയും സര്‍ക്കാര്‍ ശമ്പളക്കാരാക്കും എന്ന് വി.എസ് പറഞ്ഞു എന്നും അധികാരത്തില്‍ വന്ന ഉടനെ മുല്ലമാരെയും മദ്രസ അധ്യാപകരെയും സര്‍ക്കാര്‍ ശമ്പളപ്പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. വി.എസ് അങ്ങനെ പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. മദ്രസ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ പദ്ധതിയില്‍ ഭാഗഭാക്കാവുന്നത് തെറ്റല്ലെന്നും ബേബി വ്യക്തമാക്കി.
ഓര്‍ഗനൈസര്‍ ലേഖനത്തിന്റെ പരിഭാഷ വായിക്കാം: