ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ശാസ്ത്രത്തിനെതിരാണ്; പിന്തിരിപ്പന്‍ തീരുമാനങ്ങളെ തിരുത്തിയില്ലെങ്കില്‍ നമ്മുടെ രാജ്യം വലിയ തോതില്‍ പിന്നോട്ടടിക്കും: എം.എ. ബേബി
തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ആധുനിക വിജ്ഞാനത്തിന് എതിരാണെന്ന് തെളിയിക്കുന്നതാണിതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
‘ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ശാസ്ത്രത്തിനും ആധുനിക വിജ്ഞാനത്തിനും പുരോഗതിക്കും എതിരാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് പാഠപുസ്തകങ്ങളില്‍ അവര്‍ നടത്തുന്ന ഇടപെടലുകള്‍.
ചരിത്ര പാഠപുസ്തകങ്ങളിലെ ഇടപെടലുകള്‍ക്ക് ശേഷം ഇപ്പോഴിതാ എന്‍.സി.ഇ.ആര്‍.ടിയുടെ 9,10 ക്ലാസുകളിലെ സയന്‍സ് പാഠപുസ്തകങ്ങളില്‍ നിന്ന് പരിണാമത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു. 11, 12 ക്ലാസുകളിലെ പരിണാമവും പാരമ്പര്യവും എന്ന ആദ്യ അദ്ധ്യായം പാരമ്പര്യത്തെക്കുറിച്ചുള്ള ഒന്നാക്കി മാറ്റുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
പാഠഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ കേന്ദ്ര സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന് ഇന്ത്യയിലെ ശാസ്ത്രജ്ഞ സമൂഹം ആവശ്യപ്പെട്ടിട്ടും അവര്‍ക്ക് ഒരു കുലുക്കവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഡാര്‍വിനെക്കുറിച്ചുള്ള ഒരു ബോക്‌സില്‍ കൊടുത്തിരിക്കുന്ന വിവരം പോലും ഒഴിവാക്കി. പരിണാമസിദ്ധാന്തത്തെക്കുറിച്ചും ഡാര്‍വിനെക്കുറിച്ചും പഠിക്കാതെ ആധുനിക ശാസ്ത്രം പഠിക്കാനാവില്ല. ജീവികളെ ഇങ്ങനെ ആരും സൃഷ്ടിച്ചതല്ല, അവ പരിണമിച്ചുണ്ടായതാണെന്ന് സ്ഥാപിച്ചെടുത്തത് ഡാര്‍വിന്‍ ആണ്.
ഭൂമി പരന്നതല്ല, ഒരു ഗോളമാണ്. ഭൂമിക്ക് ചുറ്റും പ്രപഞ്ചം കറങ്ങുകയല്ല, സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യന്‍ ആണ് എന്നൊക്കെ ശാസ്ത്രഞ്ജര്‍ സ്ഥാപിച്ചെടുത്തതുപോലെ സര്‍വപ്രധാനമാണ് പരിണാമസിദ്ധാന്തം. മാത്രല്ല, കാള്‍ മാര്‍ക്‌സ് ഉള്‍പ്പെടെയുള്ളവരുടെ ശാസ്ത്രീയ ചിന്തകള്‍ക്കെല്ലാം കൂടുതല്‍ ശക്തിപകരാനും ഡാര്‍വിന്‍ മുന്നോട്ടുവച്ച വിപ്ലവകരമായ ചിന്ത സഹായകമായി.
ഇക്കാര്യത്തില്‍ കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന് ഇന്ത്യയിലെ ശാസ്ത്രജ്ഞസമൂഹവും വിദ്യാഭ്യാസ വിചക്ഷ്ണരും എല്ലാം ആവശ്യപ്പെട്ടിട്ടും അവര്‍ കുലുങ്ങിയിട്ടില്ല. വലിയ ജനകീയ പ്രക്ഷോഭത്തിലൂടെ ഈ പിന്തിരിപ്പന്‍ തീരുമാനങ്ങളെ തിരുത്തിയില്ല എങ്കില്‍ നമ്മുടെ രാജ്യത്തെ അത് വലിയ തോതില്‍ പിന്നോട്ടടിക്കും,’ അദ്ദേഹം പറഞ്ഞു.
സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടി, 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നു. മുഗള്‍ ചരിത്രത്തിന് പുറമെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സമരങ്ങളുടെ ചരിത്രവും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. അബുല്‍ കലാം ആസാദിനെക്കുറിച്ചുള്ള പാഠഭാഗങ്ങളും നിരവധി ചരിത്രസംഭവങ്ങളും നീക്കം ചെയ്തിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ പരിണാമ സിദ്ധാന്തവും ഒഴിവാക്കുന്നത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.
CONTENT HIGHLIGHT: MA BABY AGAINST NCERT DECIOSION