ഗാന്ധിയെ വെടിവെച്ചു കൊന്നതിന് നിരോധിക്കപ്പെട്ടതാണ് ആര്‍.എസ്.എസ്'; പുസ്തകത്തില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല രക്തസാക്ഷിത്വത്തിന്റെ വില: എം.എ. ബേബി
തിരുവനന്തപുരം: ഐ.സി.എച്ച്.ആര്‍ തയ്യാറാക്കുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ പുസ്തകത്തില്‍ നിന്ന് മലബാര്‍ സമരത്തില്‍ പങ്കെടുത്തവരുടെ പേര് ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എ. ബേബി.
മലബാര്‍ കലാപത്തില്‍ രക്തസാക്ഷികളായ സ്വാതന്ത്ര്യസമരസേനാനികളെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പ്രതിബിംബമായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. അവര്‍, തയ്യാറാക്കുന്ന പുസ്തകത്തില്‍ മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ ഇല്ല എന്നത് ചരിത്രത്തില്‍ നിന്ന് ഈ ധീരദേശാഭിമാനികളെ മായ്ച്ചുകളയാന്‍ മതിയാവില്ലെന്നും എം.എ. ബേബി പറഞ്ഞു.
ചരിത്രത്തെ വര്‍ഗീയതയുടെ കണ്ണാല്‍ കാണുന്നതാണ് ഈ നീക്കം. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ പാഠപുസ്തകങ്ങളുടെയും ഐ.സി.എച്ച്.ആര്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുസ്തകങ്ങളുടെയും ചരിത്രവീക്ഷണം തിരുത്താന്‍ നടപടികളുണ്ടായിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്ന ഒരു പുസ്തകത്തിലെ പട്ടികയില്‍ നിന്ന് മാറ്റിയാല്‍ ഇല്ലാതാവുന്നതല്ല ഈ നാട്ടിലെ സ്വാതന്ത്ര്യസമരസേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ വില. ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ എന്നുമുണ്ടാവും. ആര്‍.എസ്.എസ് സംഘടനകള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലയെന്നും ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായിരുന്നു അവര്‍ എന്നും എം.എ. ബേബി പറഞ്ഞു.
നേരത്തെ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ പറഞ്ഞിരുന്നു. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കാനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ നീക്കമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.