നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത്; തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും; വിമര്‍ശനവുമായി എം.എ ബേബി
Kerala News
നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നത്; തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും; വിമര്‍ശനവുമായി എം.എ ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 12:52 pm

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് എം. എ ബേബി. ഗര്‍ണര്‍ കേന്ദ്ര ഏജെന്റാണെന്നാണ് എം. എ ബേബി പറഞ്ഞത്.

ഗവര്‍ണര്‍ ഉണ്ടാക്കുന്നത് തെറ്റായ കീഴ് വഴക്കമാണെന്നും ഇത് കേവലം ഭരണഘടനാ പ്രശ്‌നമല്ലെന്നും ബേബി പറഞ്ഞു.

‘ഈ കീഴ്‌വഴക്കങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ സംസ്ഥാന നിയമസഭാ സെഷനുകളെപോലും തടസ്സപ്പെടുത്തുന്ന കേന്ദ്രത്തിന്റെ ഒരു ഏജന്റായി ഗവര്‍ണര്‍ പദവി അധഃപതിക്കുന്ന അത്യന്തം അപകടകരവും ദൗര്‍ഭാഗ്യകരവും ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരവുമായ ഒരു സാഹചര്യമുണ്ടാവും.

ഇവിടെ ഗവര്‍ണര്‍ക്കുള്‍പ്പെടെ ഭക്ഷണം കഴിച്ച് താമസിക്കണമെങ്കില്‍ കേരളത്തിന് പുറത്ത് നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വരണം.
ഇത് ഗവര്‍ണര്‍ക്ക് മനസിലാകാത്തതല്ല. നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് നല്‍കുന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാരും, ആ സര്‍ക്കാരിലൂടെ സംസ്ഥാന ഗവര്‍ണര്‍മാരും ഇപ്പോള്‍ പാലിക്കുന്നത് എന്നുള്ള അത്യന്തം അസാധാരണമായ ഒരു സാഹചര്യമാണിത്,’ എം. എ ബേബി പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിച്ചതിനെതിരെയാണ് എം.എ ബേബിയുടെ പ്രതികരണം.

അതേസമയം കഴിഞ്ഞ ദിവസം മന്ത്രിമാരായ വി.എസ് സുനില്‍കുമാറും എ കെ ബാലനും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനമാണ് ഉണ്ടായതെന്നും സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ വിശദമായി പറഞ്ഞുവെന്നും മന്ത്രിമാര്‍ വിശദീകരിച്ചിരുന്നു.

ദല്‍ഹിയില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭ ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ അത്തരമൊരു അടിയന്തര സാഹചര്യമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

അടിയന്തര സമ്മേളനം ചേരാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍ ഒരുപോലെ രംഗത്തെത്തിയിരുന്നു. മന്ത്രിസഭ ചേരേണ്ടതിന്റെ പ്രാധാന്യം നിശ്ചയിക്കേണ്ടത് ഗവര്‍ണറല്ലെന്നും അത് മന്ത്രിമാരാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MA Baby against governor Arif Muhammed Khan