| Saturday, 19th August 2023, 3:23 pm

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജനാധിപത്യവാദികള്‍ക്ക് ഒത്തുകൂടാനാവില്ല: എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സി.പി.ഐ.എം
പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇന്ത്യ ഒരു പൊലീസ് സ്റ്റേറ്റ് ആയി മാറികൊണ്ടിരിക്കുകയാണെന്നും ജനാധിപത്യവാദികള്‍ക്ക് ഒത്തുകൂടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി പഠന കേന്ദ്രമായ സുര്‍ജിത് ഭവനിലെ പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു എം.എ ബേബി.

‘ഇന്ത്യ ഒരു പൊലീസ് സ്റ്റേറ്റ് ആയി മാറികൊണ്ടിരിക്കുകയാണ്. അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇന്ത്യയില്‍ നിലവിലുണ്ടെന്ന് നമ്മള്‍ കുറേ കാലമായി അനുഭവങ്ങളെ മുന്‍നിര്‍ത്തി പറഞ്ഞുകൊണ്ടിരിക്കുന്നത് കൂടുതല്‍ വ്യക്തമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

ജനാധിപത്യവാദികള്‍ക്ക് ഒത്തുകൂടാന്‍ സാധിക്കില്ല, വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണ്, ചലനങ്ങളെ ചങ്ങലയിടുകയാണ്. ഈ സ്ഥിതിവിശേഷം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഭീഷണിപ്പെടുത്തി ജനാധിപത്യത്തെ മുട്ടുകുത്തിക്കാമെന്ന് നരേന്ദ്ര മോദിയും അമിത് ഷായും കരുതേണ്ട. ഇതിനെയെല്ലാം ചെറുത്തു കൊണ്ടും തുറന്നുകാണിച്ചുകൊണ്ടും ജനാധിപത്യ മതേതര ശക്തികള്‍ മുന്നോട്ട് പോകും,’ അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി പഠന കേന്ദ്രമായ സുര്‍ജിത് ഭവനിലെ പരിപാടി പൊലീസ് തടഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വി ട്വന്റി എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് അനുമതിയില്ലെന്ന് കാട്ടിയായിരുന്നു പൊലീസ് നടപടി. ബാരിക്കേഡ് ഉപയോഗിച്ച് സുര്‍ജിത്ത് ഭവന് മുന്‍പിലെ വഴി പൊലീസ് തടഞ്ഞു. ഗേറ്റുകള്‍ പൂട്ടിയ പൊലീസ് പാര്‍ട്ടി നേതാക്കളെ പുറത്തേക്ക് പോകാനോ പുറത്ത് നിന്ന് അകത്തേക്ക് കയറാനോ അനുവദിക്കുന്നില്ല.

എന്നാല്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത പരിപാടി തടയുന്നതിനായാണ് പൊലീസ് ശ്രമിക്കുന്നതെന്നും സെമിനാറുമായി മുന്നോട്ട് പോകുമെന്നും സി.പി.ഐ.എം വ്യക്തമാക്കി.

Content Highlights: MA Baby against bjp government

We use cookies to give you the best possible experience. Learn more