തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനെ പ്രശംസിച്ച സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മുന്‍ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി.
സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സമ്മേളനത്തിനിടെ യെച്ചൂരി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.
തമിഴ്നാട്ടില്‍ നടന്ന പരിപാടിയായതുകൊണ്ടാണ് യെച്ചൂരി മികച്ച ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരില്‍ സ്വീകാര്യന്‍ സ്റ്റാലിനാണെന്ന് പറഞ്ഞതെന്നും, ഇന്നത്തെ സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റാലിന് മികച്ച സംഭാവന നല്‍കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തമിഴ്നാട്ടില്‍ നടന്ന പരിപാടി ആയത് കൊണ്ടാണ് സ്റ്റാലിനെ പരാമര്‍ശിച്ചത്. ഞാന്‍ പങ്കെടുത്ത സമ്മേളനമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ വലിയ ശക്തരെന്ന് കരുതിയവരെ അധികാര ഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ബദലുകള്‍ ഉയര്‍ന്നുവരും എന്നാണ് പരാമര്‍ശിച്ചത്. ഇന്നത്തെ സാഹചര്യം പരിശോധിച്ചാല്‍ ബി.ജെ.പിക്ക് എതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തില്‍ സ്റ്റാലിന് സംഭാവന നല്‍കാനാവും എന്നാണ് യെച്ചൂരി പറഞ്ഞത്,’ എം.എ ബേബി പറഞ്ഞു.
തമിഴ്നാട്ടിലാണ് പരിപാടി നടക്കുന്നത്. അവിടെ ബിജെപിയും എ.ഐ.എ.ഡി.എം.കെയും നേതൃത്വം നല്‍കുന്ന മുന്നണിയെ പരാജയപ്പെടുത്തിയത് സ്റ്റാലിന്‍ ആണ്. അതിനാലാണ് സ്റ്റാലിനെ പരാമര്‍ശിച്ചത്. ഇന്ത്യയില്‍ ബി.ജെ.പിക്ക് എതിരായ രാഷ്ട്രീയമുന്നേറ്റം നടത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടിയോജിപ്പിക്കാന്‍ സ്റ്റാലിന് കഴിയുമെന്നാണ് യെച്ചൂരി പറഞ്ഞതെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ഇതര സര്‍ക്കാരുള്ള സംസ്ഥാനങ്ങളിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണെന്ന തരത്തിലായിരുന്നു യെച്ചൂരിയുടെ പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടത്.
സ്റ്റാലിന്‍ മുന്‍കൈ എടുത്ത് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശങ്ങളായിരുന്നു എം.എ ബേബി വിശദീകരിച്ചത്.