വീട്ടമ്മയെ പീഡിപ്പിച്ച കേസ്; എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം
Kerala
വീട്ടമ്മയെ പീഡിപ്പിച്ച കേസ്; എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th August 2017, 1:09 pm

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന കോവളം എംഎല്‍എ എം. വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 34 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് എം.എല്‍.എയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടത്താനോ ശ്രമിക്കരുത്, പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

എംഎല്‍എ സ്വന്തം മണ്ഡലത്തിലെ വീട്ടമ്മയായ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് കേസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

2016 സെപ്റ്റംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. വീട്ടമ്മ നല്‍കിയ പരാതിയിലാണ് എം വിന്‍സെന്റ് അറസ്റ്റിലായത്.

എം.എല്‍.എ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. കേസില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. എംഎല്‍എ ആകുന്നതിന് മുമ്പുതന്നെ വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് അവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

എംഎല്‍എ ആയതിന് ശേഷം പരാതിക്കാരിയെ ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തി. മോശമായി പെരുമാറി. ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും പരാതിക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പോലീസ് പറയുന്നു.