| Thursday, 28th May 2015, 11:52 am

അരുവിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലേക്കുള്ള ഉപ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി എം. വിജയകുമാര്‍ മത്സരിക്കും. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റാണ് വിജയ കുമാറിനെ സെക്രട്ടറിയായി നിശ്ചയിച്ചത്. തീരുമാനത്തിന് നാളെ ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കും.

അരുവിക്കര മണ്ഡലത്തിലെ മൊട്ടമൂട് സ്വദേശിയായ വിജയ കുമാര്‍ കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും ഇ,കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സ്പീക്കറുമായിരുന്നു. നാലു തവണ എം.എല്‍എ ആയിരുന്ന വിജയകുമാര്‍  1987ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജി കാര്‍ത്തികേയനെ തോല്‍പ്പിച്ച ചരിത്രവുമുണ്ട്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. മധു, കാട്ടാക്കട ഏരിയ സെക്രട്ടറിയായ ഐ.ബി. സതീശന്‍ എന്നീ പേരുകള്‍ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരിന്നുവെങ്കിലും ഇവരെയെല്ലാം മറി കടന്നാണ് വിജയകുമാറിന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്.അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തുടര്‍ച്ചയായ് അഞ്ച് തവണ പ്രതിനിധീകരിച്ച മണ്ഡലമായതിനാല്‍ കടുത്ത മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേ സമയം യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അറിയിച്ചു. കാര്‍ത്തികേയന്റെ വിധവ ഡോക്ടര്‍ സുലേഖയുടെ പേര് തന്നെയാണ് മത്സര രംഗത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ജൂണ്‍27നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 30ന് ആണ് വോട്ടെണ്ണല്‍. ജൂണ്‍ മൂന്നിനാണ് തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. ജൂണ്‍ 10 വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 11ന് സൂക്ഷ്മ പരിശോധന നടത്തും. 13 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

We use cookies to give you the best possible experience. Learn more