ന്യൂദല്‍ഹി: പാര്‍ട്ടി തത്വങ്ങളെ മുന്നോട്ട് കൊണ്ടുപോകാനോ ജനാധിപത്യത്തെ സംരക്ഷിക്കാനോ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണെന്ന് മുതിര്‍ന്ന നേതാവ് എം. വീരപ്പമൊയ്ലി. സോണിയാ ഗാന്ധിയുടെ നേതൃത്വം എപ്പോഴും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തയച്ച നേതാക്കളിലൊരാണ് വീരപ്പമൊയ്ലി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം വേണ്ടി പാര്‍ട്ടിയെ തയ്യാറാക്കി നിര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടായിരുന്നു ആ കത്തെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ തത്വങ്ങളെ മുന്നോട്ട് നയിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പറ്റിയ ഒരു നിലയിലല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ് സംഘടനയെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്,’ വീരപ്പമൊയ്‌ലി പറഞ്ഞു.
ഗാന്ധി കുടുംബം ദേശസ്‌നേഹത്തിനും ത്യാഗത്തിനും എക്കാലത്തും പേരുകേട്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സോണിയാ ഗാന്ധിയുടെ നേതൃത്വം അത്യാവശ്യമാണ്. അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് വീരപ്പമൊയ്‌ലിയുടെ പ്രസ്താവന.
പാര്‍ട്ടിയില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒരു ദുരന്തമുണ്ടായാല്‍ താന്‍ ദേശീയ നേതൃത്വത്തിനൊപ്പമായിരിക്കും നില്‍ക്കുകയെന്നും പാര്‍ട്ടിയു
ടെ ഐക്യത്തെ സംരക്ഷിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സോണിയയ്ക്ക് കത്തയച്ചത് ഉത്തമമായ ബോധ്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള താല്‍പ്പര്യത്താലുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ നിലവിലെ അന്തരീക്ഷത്തില്‍ ഭരണഘടനാമൂല്യങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് കത്തിനാധാരമെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയ്ക്ക് അയച്ച കത്ത് തന്റെ സഹപ്രവര്‍ത്തകരും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയ്ക്കെതിരെ പോരാടാന്‍ ശക്തമായ പ്രതിപക്ഷം ഇന്ത്യയ്ക്ക് വേണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
തിങ്കളാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ആറ് മാസത്തേക്ക് കൂടി അധ്യക്ഷയായി തെരഞ്ഞെടുത്തിരുന്നു. 20 ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.
ഇതേതുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചിരുന്നു.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനത്തു നിന്ന് മാറി നിന്നത്.
പിന്നീട് ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധി എത്തിയെങ്കിലും പൂര്‍ണസമയ നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയിലെ ഒരുപക്ഷത്തിനിടയില്‍ അതൃപ്തിക്കിടയാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: M Veerappa moily on congress party