| Monday, 21st September 2020, 11:49 am

വോട്ടിനിട്ടാല്‍ തള്ളിപ്പോകുമെന്ന് അറിയുന്നതുകൊണ്ടാണ് ശബ്ദവോട്ടെടുപ്പാക്കിയത്;സര്‍ക്കാരിന് എന്തുംചെയ്യാമെന്ന ധിക്കാരം: എം.വി ശ്രേയാംസ്‌കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ കാര്‍ഷിക ബില്‍ പാസ്സാക്കുകയും ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി എം.വി ശ്രേയാംസ്‌കുമാര്‍ എം.പി

വളരെ പ്രധാനപ്പെട്ട നിയമങ്ങള്‍ പാസ്സാക്കിയെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്ക ജനങ്ങള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമുണ്ടെന്നും എന്നാല്‍ അത് ദൂരീകരിക്കാതെ, പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതെ ശബ്ദവോട്ടെടുപ്പോടുകൂടി ബില്‍ പാസ്സാക്കുകയാണ് ഉണ്ടായതെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

ഇത് ശരിയായ നടപടി ക്രമമല്ല. ബില്ലിനെ എതിര്‍ത്തതിനാണ് എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ജനാധിപത്യനടപടി ക്രമങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് വില നല്‍കാതെ ഭൂരിപക്ഷമുള്ളതുകൊണ്ട് എന്തുംചെയ്യാമെന്ന ധിക്കാരത്തിലാണ് സര്‍ക്കാരുള്ളത്.

ബില്ലിനെതിരെ സര്‍ക്കാരിന്റെ ഭാഗമായ രണ്ട് മൂന്ന് ഘടക കക്ഷികള്‍ രംഗത്തുവന്നിരുന്നു. അതുകൊണ്ടായിരിക്കാം അവര്‍ ഡിവിഷന് തയ്യാറാകാതിരുന്നത്. അംഗങ്ങളുടെ വോട്ട് എണ്ണി മാത്രമേ ബില്‍ പാസ്സാക്കാവൂവെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഇത്തരമൊരു ബഹളം ഉണ്ടാകുമ്പോള്‍ സഭ പിരിഞ്ഞ് സമവായത്തിലെത്തി ഡിവിഷന് പോകുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അത് ചെയ്യാതെ വളരെ ധൃതി പിടിച്ച് ശബ്ദവോട്ടോടുകൂടി, ഞങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടിരുന്ന അതേ സമയത്ത് തന്നെ പ്രധാനപ്പെട്ട ബില്ലുകള്‍ പാസ്സാക്കുകയാണ് ഉണ്ടായത്.

ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതാണ് ഞങ്ങള്‍ ഉയര്‍ത്തിയ ഏറ്റവും വലിയ ആശങ്ക. ആ ആശങ്കയ്ക്ക് ഒരു വില പോലും നല്‍കിയില്ല. ഈ തരത്തില്‍ ഭയപ്പെടുത്തുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു.

തികച്ചും തെറ്റായ നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇന്നലെ രാജ്യസഭയിലുണ്ടായ പ്രകോപനങ്ങള്‍ക്കെല്ലാം കാരണം ഗവണ്‍മെന്റ് മാത്രമാണെന്നും ആന്റണി പറഞ്ഞു.

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന കൃഷിക്കാരെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന, കൃഷിക്കാരുടെ താത്പര്യങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കും വിദേശകോര്‍പ്പറേറ്റുകള്‍ക്കും അടിയറവ് വെയ്ക്കുന്ന നിയമത്തിനെതിരായി പാര്‍ലമെന്റിന് പുറത്ത് കക്ഷിഭേദമന്യേ എല്ലാ കര്‍ഷക സംഘടനകളും പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്നലെ തന്നെ ബില്‍ പാസ്സാക്കാന്‍ കാണിച്ച നിര്‍ബന്ധമാണ് സഭയിലുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. ഗവണ്‍മെന്റ് തെറ്റ് സമ്മതിക്കേണ്ടതിന് പകരം പ്രതിപക്ഷ എം.പിമാരെ സഭ അവസാനിക്കുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഏകാധിപത്യപരമായ നീക്കമാണ് സര്‍ക്കാരിന്റേത്.

എല്ലാ വിഷയത്തിലും സര്‍ക്കാരിന്റെ കൂടെ നില്‍ക്കുന്ന അകാലിദള്‍ പോലും ഇതിനെ എതിര്‍ക്കുന്നു. അവരുടെ മന്ത്രി പോലും രാജിവെക്കുന്നു. ഇതെല്ലാം കണ്ടിട്ടും പൊതുവികാരം മാനിച്ച് ബില്‍ പിന്‍വലിക്കുന്നതിന് പകരം എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് ഇന്നലെ തന്നെ ബില്‍ പാസ്സാക്കാന്‍ ശ്രമം നടത്തുകയായിരുന്നു അവര്‍. ഇനിയെങ്കിലും ഗവണ്‍മെന്റ് തെറ്റ് സമ്മതിക്കാനുള്ള ജനാധിപത്യമര്യാദ കാണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ബില്ലുകള്‍ കേന്ദ്രം പാസാക്കിയത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ്് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.

സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം, തൃണമൂല്‍ എം.പിയായ ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M. V. Shreyams Kumar On Farm Bill and Opposition MP’s Suspension

We use cookies to give you the best possible experience. Learn more