[]
കണ്ണൂര്‍: മുന്‍മന്ത്രിയും സി.എം.പി ജനറല്‍ സെക്രട്ടറിയുമായ എം.വി രാഘവന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. പാര്‍ക്കിസന്‍സ് രോഗബാധയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എം.വി രാഘവന്‍ ഇന്ന് രാവിലയാണ് അന്തരിച്ചത്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന എം.വി രാഘവന്‍ കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കന്നതില്‍ പ്രധാനപങ്ക് വഹിച്ച വ്യക്തി കൂടിയാണ്. പരിയാരം മെഡിക്കല്‍ കോളേജിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു എം.വി രാഘവന്‍. സഹകരണമേഖലയില്‍ സ്ഥാപിച്ച ആദ്യത്തെ മെഡിക്കല്‍ കോളേജ് കൂടിയാണ് പരിയാരത്തേത്.
എം.വി രാഘവന്‍ രോഗാതുരനായി കിടക്കുന്ന സമയത്താണ് സി.എം.പി രണ്ടായി പിളര്‍ന്നത്. പിളര്‍പ്പിനു ശേഷം സി.എം.പിയിലെ അരവിന്ദാക്ഷന്‍ വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേരുകയും സി.പി ജോണ്‍ വിഭാഗം യു.ഡി.എഫിനൊപ്പം നില്‍ക്കുകയുമായിരുന്നു. എം.വി.രാഘവന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് രണ്ട് വിഭാഗവും അവകാശപ്പെടുകയുമുണ്ടായി.
സി.വി. ജാനകിയാണ് ഭാര്യ. മക്കള്‍: എം.വി. ഗിരിജ (അര്‍ബന്‍ ബാങ്ക്), എം.വി. ഗിരീഷ് കുമാര്‍(പിടിഐ, തിരുവനന്തപുരം), എം.വി. രാജേഷ്, എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി). മരുമക്കള്‍: റിട്ട. പ്രഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി (പെന്‍ഷന്‍ ബോര്‍ഡ് പിആര്‍ഒ), പ്രിയ, റാണി (റിപ്പോര്‍ട്ടര്‍ ടിവി).
ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രാഘവന്‍ 1991 ലും 1996 ലും സഹകരണ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂര്‍(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെയാണ് ഇദ്ദേഹം നിയമസഭയില്‍ പ്രതിനിധാനം ചെയ്തത്.
1933 മെയ് 5 ന് ശങ്കരന്‍ നമ്പ്യാരുടെയും എം.വി തമ്പായി അമ്മയുടെയും മകനായി ജനിച്ച മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി രാഘവന്‍ 1948 ലാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച എം.വി രാഘവന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എമ്മിനോടൊപ്പം നില്‍ക്കുകയായിരുന്നു.
സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി, യുവജനവിഭാഗം നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1964 ല്‍ ഡി.ഐ.ആര്‍ വകുപ്പ് പ്രകാരം മുപ്പത് മാസം തടവ് ശിക്ഷയും അടിയന്തരാവസ്ഥ സമയത്ത് മിസ പ്രകാരം 10 മാസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
1986 ല്‍ സി.പി.ഐ.എമ്മിനകത്ത് ബദല്‍ രേഖ അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടി അത് തള്ളുകയും തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു. 1987 ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നും ആദ്യമായി സി.പി.ഐ.എമ്മിന് പുറത്തുനിന്നൊരാളായി എം.വി രാഘവന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സി.പി.ഐ.എമ്മിന് വലിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടായിരുന്നു സി.എം.പിയുടെ ആദ്യകാല പ്രവര്‍ത്തനം. പക്ഷേ യു.ഡി.എഫുമായി സഖ്യമായതോടുകൂടി കൂടുതല്‍ പേരും സി.പി.ഐ.എമ്മിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.
എം.വി രാഘവന്‍ 1991 ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണവകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ മന്ത്രിമാരെ വഴി തടയല്‍ ഉള്‍പ്പെടെയുള്ള സമരമുറകളായിരുന്നു സ്വീകരിച്ചിരുന്നത്. എം.വി രാഘവനെ കൂത്തുപറമ്പില്‍ വെച്ച് വഴി തടഞ്ഞ ഉപരോധ സമരമായിരുന്നു അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പില്‍ കലാശിച്ചത്.