| Thursday, 27th July 2023, 2:03 pm

ഷംസീറിന്റെ പ്രസംഗം മുഴുവനായും കേട്ടു, ഒരു അവഹേളനവും അതിലില്ല, അത് മോദിക്കുള്ള മറുപടി: എം.വി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിച്ചുവെന്ന സംഘപരിവാര്‍ ആരോപണത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ആരോപണത്തിന് വിധേയമായ ഷംസീറിന്റെ പ്രസംഗം മുഴുവനായും താന്‍ കേട്ടതാണെന്നും വിശ്വാസത്തേയോ മതത്തേയോ വൃണപ്പെടുത്തുന്ന ഒരു പരമാര്‍ശവും അതിലില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ശാസ്ത്ര വിരുദ്ധതയേയും വാസ്തവവിരുദ്ധമായ കാര്യങ്ങളെയുമാണ് സ്പീക്കര്‍ തുറന്നുകാണിച്ചതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

‘ഷംസീറിനെതിരായ ആക്ഷേപം അടിസ്ഥാനരഹിതമാണ്. ശാസത്രജ്ഞരുടെ യോഗത്തില്‍ പ്രധാമന്ത്രിയാണ് അന്തവിശ്വാസം പ്രചരിപ്പിക്കും വിധമുള്ള ഒരു പ്രസംഗം നടത്തിയത്. പ്ലാസ്റ്റിക് സര്‍ജറി പണ്ടേയുണ്ടായിരുന്നുവെന്നും, പുഷ്പക വിമാനം ഇന്നത്തെ വിമാനത്തിന്റെ ഭാഗമാണെന്നുമൊക്കെയാണ് അതില്‍ പറയുന്നത്.

ഇത് വാസ്തവ വിരുദ്ധമാണെന്ന് പുതിയ കാലത്തിനനുസരിച്ച് പറയുന്നതിന്റെ ഭാഗമായിട്ടാണ് ഷംസീര്‍ സംസാരിച്ചത്. അല്ലാതെ മതത്തേയോ വിശ്വാസത്തേയോ നിന്ദിക്കുന്ന
ഒന്നും ഷംസീറിന്റ പ്രസംഗത്തിലുണ്ടായിട്ടില്ല.

ആ പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടതാണ്. ഞങ്ങളും അന്തവിശ്വാസങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കാറുണ്ട്. ഞാന്‍ തന്നെ പല തവണ പ്രസംഗിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ചാണകം തേച്ച് കുളിച്ചാല്‍ കൊവിഡ് മാറുമെന്ന് ഒരു മന്ത്രി തന്നെ പറഞ്ഞതാണ്.

കൊവിഡ് കാരണം ഒരുപാട് ബുദ്ധിമുട്ടിയ ആളാണ് ഞാന്‍. ആശുപത്രിക്ക് ശേഷം വീട്ടിലും രണ്ട് മൂന്ന് മാസം വിശ്രമത്തിലായിരുന്നു. അപ്പോള്‍ ഭാര്യയോട് തമാശയോടെ ഞാന്‍ പറഞ്ഞിട്ടുണ്ട്, എന്നെ ചാണകം തേച്ച് കുളിപ്പിച്ചിരുന്നെങ്കില്‍ ഈ ഗതി വരുമോയെന്ന്. ഇങ്ങനെ പറഞ്ഞതിന് പശു ദൈവമാണ്, ദൈവത്തെ അപമാനിച്ചെന്ന് വ്യാഖ്യാനിച്ചാലോ,’ ജയരാജന്‍ പറഞ്ഞു.

അതേസമയം, എറണാകുളത്തെ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സ്പീക്കറുടെ ശാസ്ത്ര ചന്ത വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഷംസീറിന്റെ പ്രസംഗം. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നും അതൊക്കെ മിത്തുകളാണെന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: M.V. Jayarajan responded to the Sangh Parivar’s allegation that A.N. Shamseer insulted Hindu faith and customs. Jayarajan

We use cookies to give you the best possible experience. Learn more