കണ്ണൂരിലേത് സ്ത്രീകളോടുള്ള വിരോധമല്ല, സമത്വത്തെ ഉള്‍ക്കൊള്ളാത്തതിന്റെ പ്രശ്‌നം; ഒരുമിച്ചിരിക്കുന്നതാണ് നല്ലത്: എം.വി. ജയരാജന്‍
Kerala News
കണ്ണൂരിലേത് സ്ത്രീകളോടുള്ള വിരോധമല്ല, സമത്വത്തെ ഉള്‍ക്കൊള്ളാത്തതിന്റെ പ്രശ്‌നം; ഒരുമിച്ചിരിക്കുന്നതാണ് നല്ലത്: എം.വി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st April 2023, 2:02 pm

കണ്ണൂര്‍: കണ്ണൂരിലെ മുസ്‌ലിം വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് നടി നിഖില വിമല്‍ പറഞ്ഞ പരാമര്‍ശത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. നിഖിലക്ക് തന്റെ അനുഭവം പറയാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും എം.വി. ജയരാജന്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കണ്ണൂരില്‍ വ്യത്യസ്ത പന്തലില്‍ ഭക്ഷണം നല്‍കാറുണ്ടെങ്കിലും അടുക്കള ഭാഗത്ത് നല്‍കുന്ന സ്ഥിതിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം.

‘ഭക്ഷണം കഴിക്കുമ്പോള്‍ സ്ത്രീകളെ പ്രത്യേകയിടത്ത് കാണുന്നു എന്നല്ലാതെ മഹാഭൂരിപക്ഷം സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും കുടുംബത്തോട് കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയാണ് കാണുന്നത്.

സ്ത്രീകളും പുരുഷന്മാരും വേറെ വേറെ ഇരിക്കുന്നതും കണ്ടിട്ടുണ്ട്. കല്യാണത്തിന് ഒരുക്കുന്ന പന്തലില്‍ തന്നെ സ്ത്രീകള്‍ക്ക് പ്രത്യേകമായി മേശയും കസേരയും ഒരുക്കാറുണ്ട്. എന്നാല്‍ അടുക്കള ഭാഗത്ത് ഭക്ഷണം കൊടുക്കുന്ന രീതിയൊന്നുമില്ല.

ഇത് സമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്ത്രീ- പുരുഷ സമത്വം ഉള്‍ക്കൊള്ളാത്തതിന്റെ പ്രശ്‌നമാണ്. അത് സത്രീകളോടുള്ള വിരോധമാണെന്ന് പറയാനാകില്ല. പക്ഷേ നല്ലത് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ്,’ ജയരാജന്‍ പറഞ്ഞു.

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നിഖില വിമലിനെ വേട്ടയാടുന്നത് ശരിയല്ലെന്നും ജയരാജന്‍ പറഞ്ഞു.

‘സ്ത്രീ-പുരുഷ സമത്വത്തിന്റെ പേരില്‍ അവരെ വേട്ടയാടുന്നത് ഹീനമാണ്. സ്ത്രീ-പുരുഷ സമത്വം അനിവാര്യമാണ്. സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് കുടുംബം. വീട്ടില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നല്ലേ ഭക്ഷണം കഴിക്കുന്നത്. പുരുഷന്മാര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ മാത്രമുള്ള ആളാണ് സ്ത്രീ എന്നു പറയാന്‍ പറ്റില്ല,’ ജയരാജന്‍ പറഞ്ഞു.

അതേസമയം, സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയാണ് മലബാറിലുള്ള മുസ്‌ലിം വീടുകളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം വിളമ്പുന്നതെന്ന് നിഖില പറഞ്ഞത്. ഇതിന് പിന്നാലെ വലിയ തോതിലുള്ള സൈബര്‍ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിരുന്നു.