| Friday, 7th April 2023, 3:08 pm

ആന്റണി ഏതുകാര്യമാ അറിയാറ്, അനില്‍ ആന്റണിയെ അങ്ങോട്ടയച്ചത് സുധാകരന് ബി.ജെ.പിയിലെ സ്ഥാനം ഉറപ്പിക്കാന്‍: എം.വി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അങ്ങോട്ടേക്ക് പോകുന്നതിന് മുന്നോടിയായെന്ന പരിഹാസവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.

നടക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ആന്റണി അറിയാറുണ്ടോ എന്നും സഹപ്രവര്‍ത്തകരായ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടപ്പോള്‍ ആന്റണിക്ക് വേദനയൊന്നുമുണ്ടായിരുന്നില്ലല്ലോ എന്നും ജയരാജന്‍ ചോദിച്ചു.

‘ആന്റണി ഏതു കാര്യമാ അറിയാറ്. ആന്റണി ഇപ്പോ നടത്തുന്ന വേദനാജനകമായ പ്രതികരണം കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ആന്റണിയുടെ സഹപ്രവര്‍ത്തകരുമടക്കമുള്ളവര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് തോന്നിയില്ലല്ലോ. ഐ വില്‍ ഗോ വിത്ത് ബി.ജെ.പി എന്ന് പറഞ്ഞത് മറ്റാരുമല്ല, കെ.പി.സി.സി പ്രസിഡന്റാണ്. കെ.പി.സി.സി പ്രസിഡന്റ് അനില്‍ ആന്റണിക്ക് മധുരം നല്‍കിയത് അദ്ദേഹത്തെ പെട്ടെന്ന് അവിടേക്ക് അയക്കാനും ബി.ജെ.പിയില്‍ അദ്ദേഹമെത്തിയതിന് ശേഷം ഇനി പോകാനിരിക്കുന്ന കെ.പി.സി.സി പ്രസിഡന്റിന് നല്ല സ്ഥാനം ഉറപ്പാക്കാനുമാണ്,’ ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മുന്‍ തലവനുമായിരുന്ന അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത്. അനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് തന്നെ വേദനിപ്പിച്ചെന്നും അത് തെറ്റായ തീരുമാനമാണെന്നും വ്യക്തമാക്കി എ.കെ ആന്റണി നേരത്തെ രംഗത്ത് വന്നിരുന്നു.

താന്‍ ജീവിതത്തിന്റെ അവസാന കാലത്താണെന്നും എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ലെന്നും എന്നാല്‍ താന്‍ മരിക്കുന്നത് ഉറപ്പായും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ട് തന്നെയായിരിക്കുമെന്നുമാണ് ആന്റണി പറഞ്ഞത്.

അനില്‍ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെ വിമര്‍ശിച്ച് സഹോദരന്‍ അജിത് ആന്റണിയും രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസുമായി എത്ര അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അനില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ബി.ജെ.പി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയുമെന്നുമാണ് അജിത് പറഞ്ഞത്.

Content Highlights: m.v jayarajan criticise k.sudhakaran over anil antony issue

We use cookies to give you the best possible experience. Learn more