സുധാകരന്റെ മനോനില തെറ്റി; ഇനിയും ഇങ്ങനെ പലതും പറയും: എം.വി. ജയരാജന്‍
Kerala News
സുധാകരന്റെ മനോനില തെറ്റി; ഇനിയും ഇങ്ങനെ പലതും പറയും: എം.വി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2022, 12:18 pm

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.

സുധാകരന്‍ ഇങ്ങനെ പലതും പറയും കാരണം അദ്ദേഹത്തിന്റെ മനോനില തെറ്റിയെന്ന് വേണം കരുതാനെന്ന് ജയരാജന്‍ പറഞ്ഞു.

നേരത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ കൊവിഡ് സമയത്ത് നടത്തിയപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് വട്ടാണെന്ന് പറഞ്ഞു. പിന്നീട് മുഖ്യമന്ത്രി ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞു. എന്നാല്‍ അത് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സുധാകരന് അത് അപമാനമായി.

കാഞ്ഞിരക്കുരുവില്‍ നിന്ന് മധുരം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് സുധാകരനില്‍ നിന്ന് നന്മ ആരും പ്രതീക്ഷിക്കുന്നില്ല. അടുത്തത് എന്തെന്ന് അറിയുകയേ വേണ്ടുവെന്നും എം.വി. ജയരാജന്‍ പരിഹസിച്ചു.

തൃക്കാക്കരയിലെ പരാജയ ഭീതിക്കും വെപ്രാളത്തിനും ഇതാണോ പരിഹാരാമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്‍ ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാക്കി ജയിക്കാമെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്? മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിന് അതിരുണ്ട്.

എന്തും ആരെയും പറയാം എന്ന നിലയാണോ? എന്തും പറയാനുള്ള ലൈസന്‍സ് ആണോ ചിന്തന്‍ ശിബിരം നല്‍കിയതെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു.

അതേസമയം വിവാദ പരാമര്‍ശം നടത്തിയ കെ. സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. ഐ.പി.സി 153ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.

സംഭവം വിവാദമായതോടെ താന്‍ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

പരാമര്‍ശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണ്.

തൃക്കാക്കരയില്‍ സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Content Highlights: m.v jayarajan aginst k. sudhakaran