| Tuesday, 29th March 2022, 12:14 pm

കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചു; സമരം ചെയ്യരുതെന്ന് പറയാന്‍ ഇത് വെള്ളരിക്കാപട്ടണമാണോ!; എം.വി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന കോടതി ഉത്തരവ് അപലപനീയമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഹൈക്കോടതി വിലക്കിയതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന കോടതി ഉത്തരവ് അപലപനീയമാണ്. സമരം ചെയ്യരുതെന്ന് പറയാന്‍ ഇത് വെള്ളരിക്കാപട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു.

‘സ്വതന്ത്ര ഇന്ത്യയില്‍ ജുഡീഷ്യറി പറയുന്നു ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന്. ബ്രിട്ടീഷുകാര്‍ സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ ഗാന്ധിജി സമരം നിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് സ്വതന്ത്ര ഇന്ത്യയില്ല.

ജീവനക്കാരുടെ സമരത്തെ വിലക്കിയ കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടി എന്നുപറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാനുള്ള അവകാശം ആരുടെയും ഔദാര്യമല്ല. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിത്’ എം.വി. ജയരാജന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് കഴിഞ്ഞദിവസം കോടതി വിലക്കിയിരുന്നു. രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കാനും കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Content Highlights: M.V Jayarajan against Court

We use cookies to give you the best possible experience. Learn more