| Friday, 26th January 2024, 4:20 pm

അന്തസ്സിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍; ഗവര്‍ണറുടേത് നിലവിട്ട പെരുമാറ്റമെന്ന് എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗവര്‍ണറുടേത് നിലവിട്ട പെരുമാറ്റമാണെന്നും നയപ്രഖ്യാപനത്തില്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ തന്റെ കടമ നിര്‍വഹിച്ചെങ്കിലും അത് വെറും സാങ്കേതിക രീതിയില്‍ മാത്രമായിരുന്നെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാധാരണ ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന കീഴ്വഴക്കങ്ങളോട് കൂടി ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തിയെങ്കിലും ഗവര്‍ണറുടെ അന്തസ്സിന് നിരക്കാത്ത രീതിയിലാണ് നിയമസഭയില്‍ പെരുമാറിയതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ കലാപങ്ങളും കലാപശ്രമങ്ങളും നടന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ കലാപ ശ്രമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നും എം.വി. ഗോവിന്ദന്‍ മുന്നറിയിപ്പ് നല്‍കി.

അയോധ്യ, മനുഷ്യച്ചങ്ങല തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് കലാകാരന്മാരായ സൂരജ് സന്തോഷ്, പ്രസീത ചാലക്കുടി എന്നിവര്‍ക്കെതിരെ ഉണ്ടായ സൈബറാക്രമണം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിനെതിരെയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെയുള്ള സമരം പാര്‍ട്ടി സമ്മേളനമാക്കി മാറ്റുന്നുവെന്ന ആരോപണം തെറ്റായ പ്രചാരണങ്ങള്‍ മാത്രമാണെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. സമരത്തിന് പിന്തുണ അര്‍പ്പിച്ച് വിവിധ മേഖലയില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ പരിപാടിയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അതിനെ വളച്ചൊടിക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രത്തിനെതിരായ സമരം വിപുലപ്പെടുത്തുമെന്നും അന്നേ ദിവസം തദ്ദേശ സ്ഥാപനങ്ങളില്‍ വൈകിട്ട് ധര്‍ണകള്‍ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു.

പ്രതികാര മനോഭാവത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പെരുമാറ്റങ്ങള്‍ ചൊല്ലി നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളും അടുത്ത കാലങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. അത് ശരിവെക്കും വിധത്തിലാണ് ഇന്നത്തെ സുപ്രീം കോടതിയുടെ ഇടപെടലെന്ന് എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. നിലവിലെ കേന്ദ്ര ഏജന്‍സിയുടെ നിലപാടുകള്‍ പരിശോധിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Content Highlight: M.V. Govindhan criticized Governor Arif Mohammad Khan

We use cookies to give you the best possible experience. Learn more