തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി എം. വി. ഗോവിന്ദൻ തുടരും. 24ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലാണ് എം. വി. ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് എം. വി. ഗോവിന്ദൻ പാർട്ടിയെ നയിക്കുന്നത്.
മാർച്ച് ആറ് മുതൽ ഒമ്പത് വരെ നാല് ദിവസങ്ങളിലായി കൊല്ലത്തുവച്ചായിരുന്നു സംസ്ഥാന സമ്മേളനം. സമ്മേളനത്തിൽ പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്.
ആർ. ബിന്ദു, വി. കെ. സനോജ്, വി. വസീഫ്, എം. പ്രകാശൻ മാസ്റ്റർ, എം. രാജഗോപാലൻ, എം. മെഹബൂബ്, വി. പി. അനിൽ, കെ. വി. അബ്ദുൾ ഖാദർ, എം. അനിൽകുമാർ, ടി. ആർ. രഘുനാഥൻ, ഡി. കെ. മുരളി, കെ. റഫീഖ് തുടങ്ങിയവരാണ് സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
ഡോ. ജോൺ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം അംഗങ്ങളും വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും ആയിട്ടുണ്ട്. എം.വി. ജയരാജൻ, കെ. കെ. ശൈലജ, സി. എൻ. മോഹനൻ എന്നിവർ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ ജില്ലയിലെ മൊറാഴയിൽ ജനിച്ച എം. വി. ഗോവിന്ദൻ ബാലസംഘത്തിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങി യുവജന, കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നിന്ന് നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡി.വൈ.എഫ്.ഐ രൂപീകരണത്തിനുള്ള അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. അഖിലേന്ത്യാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കാസർഗോഡ് എരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്
നിലവിൽ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗമാണ്. സംസ്ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്‌ണൻ അനാരോഗ്യത്തെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതോടെ 2022 ആഗസ്റ്റിൽ എം. വി. ഗോവിന്ദന് പകരം ചുമതല നൽകുകയായിരുന്നു.
Content Highlight: M. V. Govindan will continue as the CPIM State Secretary