എം.വി. ഗോവിന്ദന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയാകും
Kerala News
എം.വി. ഗോവിന്ദന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th August 2022, 1:21 pm

തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയാകും. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

നിലവില്‍ തദ്ദേശംസ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് എം.വി. ഗോവിന്ദന്‍. സംസ്ഥാന സെക്രട്ടറിയാകുന്നതോടെ മന്ത്രിസഭയില്‍ മാറ്റമുണ്ടാകും.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കള്‍ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

അനാരോഗ്യം കാരണമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. നാളെ മുതല്‍ വീണ്ടും ചികിത്സയിലേക്ക് പോകാനാണ് തീരുമാനം.ചികിത്സക്കായി നാളെ ചെന്നൈലേക്ക് പോകും.

മുഖ്യമന്ത്രി കോടിയേരിയുമായി ചര്‍ച്ച നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം അദ്ദേഹത്തെ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം സീതാറാം യെച്ചൂരിയും, എം.എ. ബേബിയും ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഒഴിയുന്നത്.

പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പാര്‍ട്ടിക്ക് മുഴുവന്‍ സമയ സംസ്ഥാന സെക്രട്ടറി വേണമെന്നായിരുന്നു കോടിയേരിയുടെ നിര്‍ദേശം.

മന്ത്രിസഭാ പുനസംഘടന ആവശ്യമായ സാഹചര്യത്തില്‍ എം.വി. ഗേവിന്ദന് പകരം കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ തന്നെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത. മട്ടന്നൂര്‍ എം.എല്‍.എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയോ, തലശ്ശേരി എം.എല്‍.എ  എ.എന്‍. ഷംസീറോ ചുമതലയില്‍ എത്തിയേക്കാം എന്നാണ് സൂചന.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കി നിലവിലെ സ്പീക്കര്‍ എം.ബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനും ആലോചനകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി. ശിവന്‍കുട്ടിയെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും. സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെത്തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സി.പി.ഐ.എം അന്വേഷിക്കുകയായിരുന്നു.

Content Highlight: M.V. Govindan will be the state secretary of CPIM Kerala