തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ലഭിക്കാത്തതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍.
കേരളത്തിന്റെ റെയില്‍വേ വികസനത്തിന്റെ ഭാഗമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കെ-റെയില്‍ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും എന്നാല്‍ കേന്ദ്രം നിഷേധാത്മത സമീപനമാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘സില്‍വര്‍ ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നിരവധി വാഗ്ദാനങ്ങള്‍ കേരളത്തിന് നല്‍കുന്നുണ്ടെങ്കിലും അവയിലൊന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നതാണ് അനുഭവം.
ജോലി ആവശ്യാര്‍ത്ഥവും മറ്റും കേരളത്തിന് പുറത്തുപോകുന്നതിനും തിരിച്ചു വരുന്നതിനും മലയാളികള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റെയില്‍വേ അവതരിപ്പിക്കുന്ന ഒരു പദ്ധതിയും കേരളത്തിലേക്കെത്തുന്നില്ല എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
2021നെ അപേക്ഷിച്ച് 2022 വര്‍ഷത്തില്‍ 35,000 കോടി രൂപയുടെ വലിയ ലാഭമാണ് റെയില്‍വേ നേടിയതെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി യുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞത്.
എങ്കിലും റെയില്‍വേ ഒരു തരത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നില്ല, പ്രത്യേകിച്ചും കേരളത്തില്‍. അതേസമയം വിവിധ പേരുകളില്‍ പലതരം ചാര്‍ജുകളാണ് റെയില്‍വേ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പദ്ധതിക്കായി നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതോടെയാണ് ഇത്തരമൊരു അഭ്യൂഹമുയര്‍ന്നത്.
എന്നാലിതിന് മറുപടിയായി സില്‍വര്‍ ലൈന്‍ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.
Content Highlight: M.V. Govindan says Situation in which the Silver Line project cannot be implemented