തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ഹിന്ദുരാഷ്ട്രമാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇന്ത്യന്‍ റിപ്പബ്ലിക് നേരിടുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.
ഇന്ത്യന്‍ ഭരണവര്‍ഗം രാഷ്ട്രീയ ജനാധിപത്യത്തില്‍ അഥവാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ഊന്നിനില്‍ക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയെ പരമാധികാരമുള്ള ഒരു സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കാന്‍ ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍ അവധാനപൂര്‍വം തീരുമാനിച്ചിരിക്കുന്നു’ എന്നുപറഞ്ഞാണ് ഇന്ത്യന്‍ ഭരണഘടന തുടങ്ങുന്നത്. ഇതില്‍ പറഞ്ഞ മൂന്ന് ലക്ഷ്യവും- സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം – അട്ടിമറിക്കപ്പെടുകയാണ് എന്നതാണ് സമകാലിക യാഥാര്‍ത്ഥ്യം.
നാല് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ലക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ ആരംഭിച്ചെങ്കില്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറിയതോടെ ഭരണഘടനതന്നെ അട്ടിമറിക്കാനും പകരം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുമുള്ള നീക്കങ്ങള്‍ക്കാണ് വേഗമേറിയെന്നും അദ്ദേഹം പറഞ്ഞു.
‘വര്‍ഷത്തില്‍ 50 ദിവസംപോലും ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളിക്കാറില്ല. പാര്‍ലമെന്റില്‍ അപൂര്‍വ സന്ദര്‍ശകന്‍ മാത്രമാണ് ഇന്നത്തെ പ്രധാനമന്ത്രി. പ്രധാന ബില്ലുകളെല്ലാംതന്നെ സൂക്ഷ്മ പരിശോധനയ്ക്കായി പാര്‍ലമെന്ററി സമിതികള്‍ക്ക് വിടുകയും പതിവായിരുന്നു. എന്നാല്‍, മോദി അധികാരത്തില്‍ വന്നതോടെ പാര്‍ലമെന്ററി സമിതികള്‍ നോക്കുകുത്തികളായി.
15ാം ലോക്സഭയില്‍ 71 ശതമാനം ബില്ലുകളും പാര്‍ലമെന്ററി സമിതികള്‍ക്ക് വിട്ടപ്പോള്‍ നിലവില്‍ 25 ശതമാനത്തിലും താഴെയാണ് ആ സംഖ്യ. ആധാര്‍ ബില്ലടക്കം ധനബില്‍ എന്നുപറഞ്ഞാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാലാണ് ഈ പാര്‍ലമെന്ററിഹത്യക്ക് സര്‍ക്കാര്‍ തയ്യാറായത്. ചര്‍ച്ച ചെയ്യപ്പെടാതെ പാസാക്കുന്ന ബില്ലിന്റെ എണ്ണവും വര്‍ധിക്കുകയാണ്,’ എം.വി ഗോവിന്ദന്‍ പറഞ്ഞു.
എതിരഭിപ്രായങ്ങള്‍ ക്രിമിനല്‍വല്‍ക്കരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്തുണ്ടായ സെന്‍സര്‍ഷിപ് ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.