| Friday, 14th October 2022, 11:41 pm

കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സി.പി.ഐ.എം നേരിടുന്നത്: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കൃത്യമായ പരിശോധനയില്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിന്റെ ദൂഷ്യഫലമാണ് സി.പി.ഐ.എം നേരിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.ഐ.എം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചിലര്‍ ജീവിതത്തില്‍ പകര്‍ത്തുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സി.പി.ഐ.എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി തുടങ്ങിയ ഇം.എം.എസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.

ചിലരെ പാര്‍ട്ടി മെമ്പര്‍മാരാക്കുന്നു, ചിലരെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും. എന്നാല്‍ യാതൊരു പ്രത്യേയശാസ്ത്ര യോഗ്യതയും ഇവരുടെ ജീവിത്തതിലുണ്ടാകില്ല. എന്നിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണെന്ന പേരുദോഷം നമ്മള്‍ കേള്‍ക്കാനിടയാകുകയാണ്. ശുദ്ധ അസംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവര്‍ വഴുതി മാറുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മാര്‍കിസ്റ്റ് ആവണമെങ്കില്‍ സാമാന്യ പ്രത്യയശാസ്ത്രബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണം. ചരിത്രം, പാര്‍ട്ടി പരിപാടി എന്നിവയെക്കുറിച്ചും ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവൃത്തിയിലേര്‍പ്പെടുമ്പോഴാണ് ഒരാള്‍ മാര്‍ക്‌സിസ്റ്റ് ആകാന്‍ തുടങ്ങുകയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഇരട്ട നരബലിക്കേസില്‍ പ്രതിയായ ഭവഗവല്‍ സിങ് സി.പി.ഐ.എം പ്രവര്‍ത്തകനായത് സംബന്ധിച്ച് വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എം.വി. ഗോവന്ദന്റെ പ്രതികരണം.

CONTENT HIGHLIGHTS:  M.V. Govindan Says CPIM is facing the ill effects of giving membership to all who see it

We use cookies to give you the best possible experience. Learn more