| Friday, 31st March 2023, 7:27 pm

ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധതയില്‍ മിണ്ടാറില്ല, കോണ്‍ഗ്രസിന്റെ ഒന്നാമത്തെ ശത്രു കേരളത്തിലെ ഇടത് സര്‍ക്കാര്‍, എന്നാല്‍ ഞങ്ങളങ്ങനല്ല: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ രാഷ്ട്രീയത്തിനെതിരായ അസഹിഷ്ണുതയാണ് ബി.ജെ.പി സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഭരണഘടനാ സ്ഥാപനങ്ങളും എപ്പോഴും എടുത്തുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ ഒന്നാമത്തെ ശത്രുവായി കണ്ടാണ് കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേയും നേതാക്കള്‍ക്കെതിരേയും എടുക്കുന്ന സമീപനങ്ങളെ വാനോളം പുകഴ്ത്താനാണ് കോണ്‍ഗ്രസ് തയ്യാറായിട്ടുള്ളത്. കേന്ദ്ര ഏജന്‍സികള്‍ കോണ്‍ഗ്രസിനെതിരായി നടത്തുന്ന കടന്നാക്രമണത്തെ മാത്രമെ ചെറുക്കേണ്ടതുള്ളു എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ തയ്യാറായപ്പോഴും കോണ്‍ഗ്രസ് അതിനെ എതിര്‍ത്തില്ല. ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി ഉപമുഖ്യമന്ത്രിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസിന് പ്രശ്നമില്ല. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ജനാധിപത്യവിരുദ്ധമായ രീതിയിലാണ് കേരള നിയമസഭയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിനനൂകൂലമായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും സി.പി.ഐ.എം വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ ജാഥ വന്‍ വിജയമായിട്ടാണ് പാര്‍ട്ടി കണക്കാക്കുന്നതെന്നും, ജനകീയ പ്രതിരോധ ജാഥ എന്ന് പറയാന്‍ പല പത്രങ്ങള്‍ക്കും മടിയായിരുന്നുവെന്നും ഗോവിന്ദന്റെ യാത്ര എന്നാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടി ഇന്നാണ് ജാഥയെപ്പറ്റി ചര്‍ച്ച നടത്തിയത്. മാധ്യമങ്ങള്‍ ഇന്നലെ ചര്‍ച്ച നടത്തിയെന്ന് വാര്‍ത്ത കൊടുത്തു. മൂന്ന് പത്രത്തില്‍ ഏതാണ്ട് ഒരേ വാര്‍ത്തയാണ്. ജാഥ വേണ്ടത്ര വിജയിച്ചില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയത്രേ. ഞങ്ങള്‍ നല്ല രീതിയില്‍ വിലയിരുത്തിയിട്ടുണ്ട്. ജാഥ വമ്പിച്ച വിജയമായിരുന്നു,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: M. V. Govindan says Congress is working here seeing the LDF government in Kerala as the number one enemy

We use cookies to give you the best possible experience. Learn more