തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് മേല്‍ ഗവര്‍ണറുടെ ആവശ്യമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബി.ജെ.പിയുടെ പ്രധാന നേതാക്കളെയാണ് ഗവര്‍ണര്‍മാരാക്കുന്നതെന്നും സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെ ഗവര്‍ണര്‍ തടസ്സപ്പെടുത്തുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലെന്നാണ് സി.പി.ഐ.എം നിലപാടെന്നും ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്തില്‍ എന്തിനാണ് ഇതുപോലൊരു പദവിയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.
”ഗവര്‍ണര്‍മാര്‍ വേണ്ടതില്ല എന്നതാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്തില്‍ എന്തിനാണ് ഇതുപോലൊരു പദവി. ആ പദവിയേ വേണ്ട എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്ക്. പക്ഷേ, ഭരണഘടനാപരമായി ഇന്നിപ്പോള്‍, ആ പദവി നിലനില്‍ക്കുന്നു. അതുകൊണ്ട് ആ പദവിയുമായി സഹകരിച്ചുപോകുകയാണ് ചെയ്യുന്നത്, അതേയുള്ളൂ. സി.പി.ഐ.എമ്മിന്റെ അഭിപ്രായം ഗവര്‍ണര്‍മാര്‍ ആവശ്യമില്ല എന്നതാണ്.
തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയുടെമേല്‍ ഒരു ഗവര്‍ണറുടെ ആവശ്യം യഥാര്‍ഥത്തിലില്ല. ഇതു ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പഴയകാല ധാരണയില്‍ നിന്ന് രൂപപ്പെട്ടുവന്നിട്ടുള്ള ഒന്നാണ്. അത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയല്ലേ, ലോകവ്യാപകമായും ഇന്ത്യയിലും ചര്‍ച്ച നടക്കുന്നു.
ബി.ജെ.പിയുടെയും ഭരണകക്ഷിയുടെയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരെ മുഴുവന്‍ ഗവര്‍ണര്‍മാരാക്കിയിട്ട്, സ്വാഭാവികമായും ഈ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പില്ലാത്ത, പ്രതിപക്ഷത്തിരിക്കുന്ന പല സര്‍ക്കാരുകള്‍ക്കുമെതിരെ എടുത്തുകൊണ്ടിരിക്കുന്ന നിലപാട് എന്താണ്. അതല്ലേ, തമിഴ്‌നാടും പഞ്ചാബിലും കേരളത്തിലും ബംഗാളിലും കാണുന്നത്. നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകള്‍ തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്’ അദ്ദേഹം പറഞ്ഞു.
മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് ഗവര്‍ണര്‍ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ടത്. ഗവര്‍ണര്‍മാര്‍ക്ക് പരിമിതികളുണ്ട്. സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണര്‍ക്ക് എവിടെ വരെ പോകാന്‍ കഴിയുമെന്ന കാര്യത്തില്‍ ഭരണഘടന വ്യക്തതയുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയിരുന്നു. രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവും ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. പ്രിന്‍സി കുര്യാക്കോസ്, ബാലഭാസ്‌ക്കര്‍ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നല്‍കിയത്.
പക്ഷേ ലോകായുക്ത ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
എട്ട് ബില്ലുകളില്‍ രണ്ട് വര്‍ഷത്തോളമായി തീരുമാനം വൈകുന്നത് ചോദ്യം ചെയ്താണ് കേരളം പ്രത്യേക ഹരജി നല്‍കിയത്. ഒരാഴ്ചയ്ക്കിടെ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കുന്ന രണ്ടാമത്തെ ഹരജിയാണിത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് നിയമനിര്‍മ്മാണ സഭയോടുമുള്ള വെല്ലുവിളിയാണെന്നും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകിപ്പിക്കുന്ന നടപടി ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവുമാണെന്നും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.
എന്നാല്‍ താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നായിരുന്നു ബില്ലുകളില്‍ ഒപ്പിടാത്ത വിഷയത്തില്‍ ഗവര്‍ണര്‍ പ്രതികരിച്ചത്. താന്‍ ഒപ്പിടാതെ വെച്ചിരിക്കുന്ന ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
Content Highlight: M.V Govindan SAgainst Governer Arif Muhammed Khan