തിരുവനന്തപുരം: ജര്‍മനിയിലെ ചികിത്സക്കുശേഷം മടങ്ങിയെത്തിയ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സന്ദര്‍ശിച്ചു. വിശ്രമത്തില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ടത്.
സി.പി.ഐ.എം എം.എല്‍.എ വി.കെ. പ്രശാന്താണ് ഇതുസംബന്ധിച്ച ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനും വി.കെ. പ്രശാന്ത് പങ്കുവെച്ച ചിത്രത്തിലുണ്ട്.
തന്റെ 79-ാം പിറന്നാളിന് പിന്നാലെ നവംബര്‍ ആറിനായിരുന്നു ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേയ്ക്ക് തിരിച്ചത്. യാത്രയ്ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സന്ദര്‍ശിച്ച് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.
ജര്‍മനിയിലെ വിദഗ്ധ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് തിരിച്ചെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഖത്തര്‍ എയര്‍വേസിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയയാണ് അദ്ദേഹത്തിന് നല്‍കിയത്. വിദഗ്ധചികിത്സ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇത് എവിടെ വേണമെന്നു തീരുമാനിച്ചിട്ടില്ല. ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലാണ് ഉമ്മന്‍ചാണ്ടിയുള്ളത്.
CONTENT HIGHLIGHT: M.V Govindan reached Puthupally residence and met Oommen Chandy