| Tuesday, 28th February 2023, 4:54 pm

'മാഷ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമോ'? രസകരമായ മറുപടിയുമായി എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: താങ്കള്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രസകരമായ മറുപടി നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അടുത്ത തവണയും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് നിങ്ങള്‍ ഉറപ്പിച്ചു എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.

എം.വി. ഗോവിന്ദന്‍ നയിക്കുന്ന സി.പി.ഐ.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടുത്ത തവണയും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് നിങ്ങള്‍ ഉറപ്പിച്ചു അല്ലേ. നന്നായി. എന്നാല്‍, പാര്‍ട്ടി അഡ്വാന്‍സായി ആരെയും മുഖ്യമന്ത്രിയാക്കുമെന്ന് തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു പാരമ്പര്യം ഈ പാര്‍ട്ടിക്കില്ല. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് വസ്തുനിഷ്ടമായി നിലപാട് സ്വീകരിച്ചു പോകുന്നതാണ് പാര്‍ട്ടിയുടെ രീതി,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ട് പോകാന്‍ പാകപ്പെട്ടാല്‍ മുസ്‌ലിം ലീഗിന് ഇടതുപക്ഷത്തേക്ക് വരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കമ്മ്യൂണിസ്റ്റുകാര്‍ മതനിരാസമാണ് മുന്നോട്ട് വെക്കുന്നതെന്നാണ് ഇന്നലെ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞത്. ഇത് എല്ലാവരും അംഗീകരിക്കുന്ന നിലപാടാകില്ല. ഇ.ടി. മുഹമ്മദ് ബഷീറിന്റെ നിലപാടിനൊപ്പം നില്‍ക്കാത്ത ആയിരക്കണക്കിന് ലീഗുകാരെ എനിക്ക് അറിയാം.

ഞങ്ങള്‍ മതനിരാസമൊന്നും സ്വീകരിച്ചിട്ടില്ല. ഞങ്ങള്‍ മതത്തിനെതിരൊന്നുമല്ല. അതുകൊണ്ട് പഴയ കാലത്ത് പ്രസംഗിച്ചത് പോലെ പറഞ്ഞുനടന്നാലൊന്നും ഇന്നത്തെ മുസ്‌ലിം സമുദായം ഇത്തരം കാര്യങ്ങളില്‍ വീഴില്ല. മുസ്‌ലിം സമുദായം വിദ്യാഭ്യാസം നേടി. അവര്‍ ജനാധിപത്യവല്‍ക്കരിച്ചുകൊണ്ടിരിക്കുയാണ്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നിലവില്‍ മുസ്‌ലീം ലീഗ് സ്വീകരിക്കുന്ന നിലപാട് വെച്ച് സി.പി.ഐ.എമ്മിലേക്ക് വരാനാകുമോ എന്ന ചോദ്യത്തിന്, ‘അവരിപ്പോള്‍ യു.ഡി.എഫിന്റെ നട്ടെല്ലായി തുടരുകയല്ലേ, ലീഗ് ഇങ്ങോട്ട് വന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്ന് മത്സരിക്കാനൊക്കുമോ,’ എന്നാണ് എം.വി. ഗോവിന്ദന്റെ മറുപടി.

Content Highlight: M.V. Govindan gave an interesting answer to the journalists’ question whether he will be the next Chief Minister of Kerala

We use cookies to give you the best possible experience. Learn more