ഫാസിസ്റ്റ് രീതിയല്ല, മാധ്യമങ്ങള്‍ പത്രപ്രവര്‍ത്തനത്തിന് പുതിയ രീതി പഠിക്കണം: എം.വി ഗോവിന്ദന്‍
Kerala News
ഫാസിസ്റ്റ് രീതിയല്ല, മാധ്യമങ്ങള്‍ പത്രപ്രവര്‍ത്തനത്തിന് പുതിയ രീതി പഠിക്കണം: എം.വി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2023, 11:05 am

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫ. പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ കോടതി നടത്തിയ നിരീക്ഷണത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തെറ്റായ രീതിയില്‍ വ്യക്തികളെ അപമാനിക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നാണ് ഇന്നലെ കോടതി പറഞ്ഞിട്ടുള്ളതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇത് മാധ്യമങ്ങള്‍ക്കെതിരായിട്ടുള്ള വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹൈക്കോടതി ഇന്നലെ വ്യക്തമായി നിങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ക്കെതിരായിട്ടുള്ളതാണ് ആ വിധി. മാധ്യമങ്ങള്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് കോടതി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ജനാധിപത്യ വിരുദ്ധമായി തെറ്റായ രീതിയില്‍ സ്വകാര്യതയില്‍ കടന്നിട്ട്, അവരെയെല്ലാം അപമാനിക്കുന്ന സമീപനം നിങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് കോടതി ഇന്നലെ പറഞ്ഞത്,’ ഗോവിന്ദന്‍ പറഞ്ഞു.


മാധ്യമങ്ങള്‍ പത്രപ്രവര്‍ത്തനത്തിന് പുതിയ രീതി പഠിക്കണമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല ഇത്ര ശക്തിയായി നടത്തുന്ന ഒരു കേന്ദ്രം കേരളത്തെ പോലെ വേറെ എവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വ്യാജ രേഖ ആരുണ്ടാക്കിയാലും അത് അംഗീകരിക്കില്ല. പൊലീസ് കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. വിദ്യയുടെ അറസ്റ്റൊന്നും വൈകിയിട്ടില്ല. വളരെ കൃത്യമായിട്ടാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തെറ്റായി ഒന്നിനെയും ഞങ്ങള്‍ അംഗീകരിക്കില്ല. നിങ്ങള്‍ പത്ര പ്രവര്‍ത്തനത്തിന് പുതിയ രീതി പഠിക്കണം. ഫാസിസ്റ്റ് രീതിയല്ല പഠിക്കേണ്ടത്. ലോകത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല ഇത്ര ശക്തിയായി നടത്തുന്ന ഒരു കേന്ദ്രം കേരളത്തെ പോലെ വേറെ എവിടെയും ഉണ്ടാകില്ല. പക്ഷെ ഇത് കൊണ്ടൊന്നും ഈ മൂവ്‌മെന്റിനെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതണ്ട. തെറ്റിനെ അല്ല നിങ്ങള്‍ ചൂണ്ടാകാണിക്കുന്നത് അങ്ങനെയെങ്കില്‍ കെ.എസ്.യുക്കാരനെ കുറിച്ച് സംസാരിക്കാത്തതെന്താണ്,’ അദ്ദേഹം ചോദിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലക്ക് തടസം സൃഷ്ടിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് ആസൂത്രിത നീക്കമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: M V Govindan criticise media