തിരുവനന്തപുരം: സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിജേഷ് പിള്ളയെന്നൊരാളെ കെട്ടിയെഴുന്നള്ളിച്ച് പുതിയ വിവാദങ്ങളുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ആരോപണങ്ങളെ മുഖവിലക്കെടുക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നും തിരക്കഥ തയ്യാറാക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
‘വിജേഷ് പിള്ള എനിക്കറിയാവുന്ന ആളല്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല. എവിടെ നിന്നാണ് ഇവര്‍ക്ക് ഈ പിള്ളമാരെയൊക്കെ കിട്ടുന്നത്. പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് പല പേരുകളിലാണ്. ആരോപണങ്ങളെ ഞാന്‍ മുഖവിലക്കെടുക്കുന്നേയില്ല.
തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. സുധാകരന്‍ പറഞ്ഞത് പോലെയല്ല കേസ് കൊടുക്കാന്‍ തന്നെയാണ് തീരുമാനം. ആയിരം തവണ കേസ് കൊടുക്കാനും ഞങ്ങള്‍ തയ്യാറാണ്. നിയമപരമായ എല്ലാ രീതിയിലും കൈകാര്യം ചെയ്യും. ആരോപണങ്ങള്‍ കൊണ്ട് ജാഥയുടെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാമെന്ന് കരുതണ്ട. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച് കൊണ്ട് ജാഥ മുന്നോട്ട് പോവും,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പുറത്ത് വിട്ട ലൈവ് വീഡിയോയിലൂടെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനുമെതിരെ ഉന്നയിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാനായി ഇടനിലക്കാരന്‍ തന്നെ സമീപിച്ചെന്നാണ് സ്വപ്‌ന പറഞ്ഞത്.
തെളിവായി കൂടിക്കാഴ്ച്ചയുടെ വാട്‌സ്ആപ്പ് ചാറ്റുകളും പുറത്ത് വിട്ടിരുന്നു. വീഡിയോയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരും പരാമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എം.വി. ഗോവിന്ദന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.