കോഴിക്കോട്: കരുവന്നൂര്‍ കളളപ്പണക്കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കണ്ടുകെട്ടിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് എം.വി. ഗോവിന്ദന്‍ ചോദിച്ചു. ഇ.ഡിയുടെ തെറ്റായ നടപടിക്കെതിരെ വലിയ നിയമ യുദ്ധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സി.പി.ഐ.എമ്മിന്റെ ആയിരക്കണക്കിന് ബ്രാഞ്ച്-ഏരിയ കമ്മിറ്റികള്‍ക്ക് സ്വന്തം ഭൂമിയും കെട്ടിടവും ഉണ്ട്. ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയാലും സി.പി.ഐ.എം ജില്ലാകമ്മിറ്റി സെക്രട്ടറിയുടെ പേരിലാണ് അത് രജിസ്റ്റര്‍ ചെയ്യുക. ആറ് പ്രധാന അക്കൗണ്ടുകള്‍ പാര്‍ട്ടിക്കില്ല എന്നാണ് ഇ.ഡി പറയുന്നത്. തെറ്റായ നിലപാടിനെ ഞങ്ങള്‍ അംഗീകരിക്കില്ല. കരുവന്നൂരില്‍ പാര്‍ട്ടി പുറത്താക്കിയവരെ മാപ്പ് സാക്ഷിയാക്കി സി.പി.ഐ.എമ്മിനെ വേട്ടയാടാന്‍ ശ്രമം നടക്കുകയാണ്. തിരുത്തേണ്ടതെല്ലാം പാര്‍ട്ടി തിരുത്തും,’ എന്ന് എം. ഗോവിന്ദന്‍ പറഞ്ഞു.
പെന്‍ഷന്‍ മുഴുവനും കൊടുക്കും. പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട പണം അവരിലേക്കെത്തിക്കുക എന്നതിനായിരിക്കും ആദ്യ പരിഗണന. പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും മുഴുവന്‍ ബാധ്യതയും തീര്‍ക്കുമെന്നും എം. ഗോവിന്ദന്‍ വ്യക്തമാക്കി. ഇതിനുപുറമെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും മുഖ്യശത്രു സി.പി.ഐ.എമ്മാണെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നു. ബി.ജെ.പിക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടിയെന്നും തൃശൂരിലെ ചില മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥിരമായ വോട്ടുകളില്‍ കുറവുണ്ടായെന്നും എം.ഗോവിന്ദന്‍ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് വളര്‍ച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫിന് നേട്ടമുണ്ടായത് ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വോട്ടുകള്‍ കിട്ടിയത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: M. V. Govindan against the action of the Enforcement Directorate in the Karuvannur black money case