തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയപരമായല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തതയില്ലാത്തതാണെന്നും അതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഹിന്ദുത്വ അജണ്ട ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യാനാണ് പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുത്ത് കൊണ്ട് ഏക സിവില്‍ കോഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് കൃത്യമായി ധാരണയുള്ള, വര്‍ഗീയ വാദികളും മതമൗലിക വാദികളുമൊഴിച്ച് എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് അണിനിരത്തുക എന്ന നിലപാടാണ് ഏകീകൃത സിവില്‍ കോഡില്‍ സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ളത്.
എന്നാല്‍ കോണ്‍ഗ്രസിന് സിവില്‍ കോഡിനെക്കുറിച്ച് വ്യക്തതയില്ല. ഇപ്പോഴും വ്യക്തതയില്ലല്ലോ. ഇന്ത്യയില്‍ ഒരേപോലെ നിലപാട് സ്വീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞാല്‍ അപ്പോള്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കണോയെന്ന് നമുക്ക് ആലോചിക്കാം.
സംസ്ഥാനത്ത് ഏക സിവില്‍ കോഡിനെതിരായി പറയാന്‍ അനുവാദം തന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്താണ് അതിന്റെ അര്‍ത്ഥം. ഇന്ത്യയിലെ ഛത്തീസ്ഗഢ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ അവരെടുത്ത് കൊണ്ടിരിക്കുന്ന നിലപാട് നമുക്ക് അറിയാം. ഇത് ഇതിന് ഇതിന് അനുകൂലമാണ്. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിക്കില്ല.
ആര്‍ക്കൊക്കെ ഇതിന്റെ ഭാഗമായി മുന്നോട്ട് വരാന്‍ കഴിയുമോ അവരെയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. ആരെയും ക്ഷണിച്ചിട്ടില്ല. എല്ലാവരെയും ക്ഷണിക്കുന്നത് ഇങ്ങനെയാണ്. ഇതുമായി യോജിച്ച് മുന്നോട്ട് പോകാന്‍ ആര്‍ക്കൊക്കെ സാധിക്കുമോ അവരെയൊക്കെ പങ്കെടുപ്പിക്കും.
പ്രശ്നാധിഷ്ഠിത ക്ഷണമാണ്. ഇതൊന്നും രാഷ്ട്രീയമല്ല. ഇത് എല്ലാം രാഷ്ട്രീയത്തിനും അതീതമായിട്ടുള്ള ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും പ്രധാനമായ പ്രശ്നമാണ്. ഇന്ത്യ നിലനില്‍ക്കണമോ എന്നതാണ് പ്രശ്നം. ആ പ്രശ്നത്തില്‍ യോജിക്കാവുന്ന മുഴുവന്‍ ശക്തികളുമായി ചേര്‍ന്ന് യോജിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഏക സിവില്‍ കോഡിനോട് യോജിപ്പുള്ളവരുമായി ചേരാന്‍ പറ്റില്ല. അത്രയേയുള്ളൂ.
ഇന്ത്യയിലെ വര്‍ഗീയ ശക്തികള്‍ക്കെതിരായി, സാമ്പത്തിക- നിലപാടുകള്‍ക്കെതിരായി അതിവിശാലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടണമെന്നാണ്. അതൊരു രാഷ്ട്രീയ മുന്നണിയായല്ല. ലീഗിനോടുള്ളത് രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ല. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കൊരു രാഷ്ട്രീയമുണ്ടല്ലോ. ആ നിലപാടുമായി ചേരാന്‍ പറ്റുന്നവര്‍ക്കല്ലേ ഒരു മുന്നണി എന്ന രീതിയില്‍ രാഷ്ട്രീയമായി ചേരാന്‍ പറ്റുള്ളൂ. അങ്ങനെയല്ലാത്തവര്‍ക്ക് ചേരാന്‍ വേണ്ടി പറ്റില്ല,’ അദ്ദേഹം പറഞ്ഞു.
ലീഗ് എടുക്കുന്ന ഏത് ശരിയായ നിലപാടിനെയും സി.പി.ഐ.എം മുമ്പ് പിന്തുണച്ചിട്ടുണ്ടെന്നും ഇപ്പോഴും പിന്തുണക്കുന്നുണ്ടെന്നും ഇനിയും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലേക്ക് വരുന്ന കാര്യം തീരുമാനിക്കേണ്ടത് ലീഗാണെന്നും അങ്ങനൊരു നിലപാട് വന്നാല്‍ അന്ന് അതിനെ കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ സംബന്ധിച്ചുള്ള സി.പി.ഐ.എം നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ കോഡ് പറ്റില്ലെന്ന് തന്നെയാണ് ഇ.എം.എസ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ ഇന്ത്യയില്‍ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് അണിനിരത്തേണ്ടുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
content highlights: m v govindan about league