Advertisement
Kerala News
തലച്ചോറില്‍ അശ്ലീലം നിറച്ച 'തനി' ദേശാഭിമാനി ലേഖകനായി എം.വി. ഗോവിന്ദന്‍ അധപതിച്ചു: കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 19, 05:28 am
Monday, 19th June 2023, 10:58 am

തിരുവനന്തപുരം: തലച്ചോറില്‍ അശ്ലീലം നിറച്ച ‘തനി’ ദേശാഭിമാനി ലേഖകനായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അധപതിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് അദ്ദേഹം കാണിക്കുന്നതെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

‘സി.പി.ഐ.എമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോര്‍ത്താല്‍ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കള്‍ ഇപ്പോള്‍ കാണിക്കുന്നതും!

ആന്തൂരിലെ സാജനെ ‘കൊന്ന’ ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭര്‍ത്താവിനോട് ‘മാന്യത’ കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയ്യാണ്. എന്നാലും ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകള്‍ മാത്രമല്ല, ‘മാന്യമായി’ ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേള്‍ക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓര്‍ക്കുക.

തലച്ചോറില്‍ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കള്‍ അധഃപതിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദന്‍? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്കും സി.പി.ഐ.എമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?

നാട്ടിലെ മുഴുവന്‍ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തില്‍ സ്വയം നില്‍ക്കുമ്പോള്‍, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തില്‍ കണ്‍വീനര്‍ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാര്‍ട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്.

പോലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ ഉടന്‍ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലില്‍ വീഴുന്നൊരു പിണറായി വിജയനെ താങ്കള്‍ക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ വരരുത്, ഗോവിന്ദന്‍,’ അദ്ദേഹം പറഞ്ഞു.

 

മോണ്‍സണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് അതിജീവിതയുടെ മൊഴിയുണ്ടെന്ന് ദേശാഭിമാനി പത്രത്തെ മുന്‍നിര്‍ത്തി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. പോക്‌സോ കേസുമായി ബന്ധപ്പെട്ട് സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

അതേസമയം ഗോവിന്ദന്റെ ആരോപണം ഇന്നലെ തന്നെ സുധാകരനും ക്രൈം ബ്രാഞ്ചും തള്ളിയിരുന്നു.

പെണ്‍കുട്ടിയുടേത് രഹസ്യമൊഴിയാണെന്നും അത് ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞെന്നുമാണ് സുധാകരന്‍ ചോദിച്ചത്.

പോക്സോ കേസില്‍ കെ. സുധാകരനെതിരെ മൊഴിയില്ലെന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പണമിടപാട് കേസുമായി ബന്ധപ്പെട്ടാണെന്നും ക്രൈംബ്രാഞ്ചും പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും കെ. സുധാകരന്റെ പേരില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

content highlights: M.V. as a patriotic writer filled with obscenity in his brain. Govinda has fallen: K. Sudhakaran