കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമായ കാല്‍വയ്പാണെന്ന് എം.ടി വാസുദേവന്‍ നായര്‍. സുപ്രീംകോടതി വിധിക്കെതിരായ സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലും നവകേരള നിര്‍മിതിയിലും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയും ഇടപെടലും കേരളത്തേയും മലയാളിയേയും സ്നേഹിക്കുന്ന ആര്‍ക്കും എതിര്‍ക്കാനാവില്ലെന്നും എം.ടി അഭിപ്രായപ്പെട്ടു. “നവോത്ഥാനത്തിലൂടെ പുതിയ സംസ്‌കാരമഹിമ ആര്‍ജിച്ച കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിന്റെ ഭാവി അഭിലഷിക്കുന്ന ഒരാളും ഇതിനെ പിന്തുണക്കില്ല.
സ്ത്രീപ്രവേശം ആകാമെന്ന കോടതിവിധിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം. ഇപ്പോഴുണ്ടായതു പോലുള്ള പുരോഗമനപരമായ വിധി കോടതിയില്‍നിന്ന് വരികയെന്നത് നിയമവ്യവസ്ഥയില്‍ അപൂര്‍വമാണ്. അത് നടപ്പാക്കല്‍ സര്‍ക്കാര്‍ ബാധ്യതയും. അതിനെ എങ്ങനെ തകരാറിലാക്കാമെന്ന ആലോചനയിലാണീ പ്രതിഷേധങ്ങള്‍. സ്ത്രീയെ രണ്ടാംതരക്കാരാക്കി നിലനിര്‍ത്താന്‍ സ്ത്രീകളെത്തന്നെ കരുവാക്കി പ്രശ്നമുണ്ടാക്കുകയാണ്.
ഇത് പിന്നോട്ടുപോകലാണ്. “ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതില്‍ മൂളായ്ക സമ്മതം രാജന്‍” എന്ന് ആശാന്‍ എഴുതിയതാണ് ഇവരെ ഓര്‍മിപ്പിക്കാനുള്ളത്. പഴയ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമ്പോള്‍ നമ്മളെ ചിലര്‍ തിരിച്ചുനടത്തിക്കുകയാണ്. അങ്ങേയറ്റം അപകടമാണിത്. ഇവര്‍ ചരിത്രം മനസിലാക്കാത്തവരാണ്”- എം.ടി പറയുന്നു.
“ഗുരുവായൂര്‍ ക്ഷേത്രപ്രവേശ സത്യാഗ്രഹത്തേയും ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഗുരുവായൂരപ്പന്റെ തേജസിന് കുറവുവരുമെന്നായിരുന്നു അക്കാലത്തെ പ്രചാരണം. എന്നാല്‍, ആ തേജസിന് ഒട്ടും കുറവുണ്ടായില്ലെന്ന് ദൈവവിശ്വാസികള്‍ക്കറിയാം. തെറ്റുകള്‍ തെറ്റായി നിലനിര്‍ത്താമെന്ന് കരുതുന്നത് മൂഢത്തരമാണ്.
ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും ശരിയായ വഴി അംഗീകരിക്കേണ്ടിവരും. ചെയ്തത് തെറ്റെന്ന് തോന്നുന്ന നാള്‍ വരും. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോള്‍ ചൈതന്യം പോകുമെന്നായിരുന്നു ഒച്ചപ്പാട്. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അതവിടത്തന്നെയുണ്ടാകുമെന്നും” എം.ടി പറഞ്ഞു.