തൃശൂര്‍: എതിരഭിപ്രായങ്ങള്‍ ഉന്നയിക്കുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ എഴുത്തുകാര്‍ കൊല്ലപ്പെടുകയും കടുത്ത ഭീഷണി നേരിടുന്നുവെന്നും എം.ടി. വാസുദേവന്‍ നായര്‍. രാജ്യത്ത് അസഹിഷ്ണുതയുടെ അധിനിവേശം നടക്കുകയാണെന്നും സമൂഹം അപകടകരമായ സാഹചര്യത്തിലേക്ക് പോവുകയാണെന്നും എം.ടി പറഞ്ഞു. തെക്കേ മഠം ഏര്‍പ്പെടുത്തിയ ശങ്കരപത്മം പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുമാള്‍ മുരുകനെ പോലെയുള്ള ഒരെഴുത്തുകാരന്‍ സമൂഹത്തില്‍ നിന്ന് നേരിട്ട സമ്മര്‍ദത്തിന്റെ പേരില്‍ എഴുത്ത് ഉപേക്ഷിക്കേണ്ടി വന്നുവെന്നും എം.ടി ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവണതകള്‍ രാജ്യത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് സമൂഹം മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണ കേന്ദ്രശക്തികള്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ജര്‍മനിയിലെ നാസി ഭരണവും നിലപാടുകളുമാണ് തനിക്ക് ഓര്‍മ വരുന്നതെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
ഇന്ത്യയില്‍ അത്തരമൊരു സാഹചര്യം വരുമെന്ന് താന്‍ കരുതുന്നില്ലെന്നും അത്തരം ശ്രമങ്ങളെ പരിശോധിക്കാന്‍ ശക്തരായ ആളുകള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതമെന്നാല്‍ അഭിപ്രായം എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ഒരു മതവും മനുഷ്യനെ കൊല്ലാന്‍ പറഞ്ഞിട്ടില്ലെന്നും എം.ടി ചൂണ്ടിക്കാട്ടി. പ്രവാചകനും മതപണ്ഡിതനും കൊലയും അക്രമവും നടത്താന്‍ ആഹ്വനം ചെയ്യുന്നില്ലെന്നും എം.ടി പറഞ്ഞു. സ്‌നേഹത്തിനും സൗഹാര്‍ദത്തിനുമാണ് അവര്‍ ജീവിതത്തില്‍ മുന്‍ഗണന നല്‍കുന്നതെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.