| Tuesday, 23rd September 2014, 3:12 pm

എം.ടി. വാസുദേവന്‍ നായര്‍ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക്. മലയാള ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് എം.ടിക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു.

1973ല്‍ സിനിമാലോകത്തേക്ക് അരങ്ങേറിയ എം.ടിയുടെ ആദ്യചിത്രമായ നിര്‍മ്മാല്യത്തിന്  ദേശീയപുരസ്‌കാരം ലഭിച്ചിരുന്നു. 54 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ അദ്ദേഹം ഏഴ് സിനിമകള്‍ സംവിധാനം ചെയ്തു. ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ സിനിമകളുടെ തിരക്കഥകള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1992 മുതലാണ് ജെ.സി ഡാനിയേലിന്റെ പേരില്‍ സര്‍ക്കാര്‍ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. 2013ല്‍ സംവിധായകന്‍ ശശി കുമാറിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒക്‌ടോബര്‍ 17നു തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ് സമ്മാനിക്കും.

We use cookies to give you the best possible experience. Learn more