'പുതുപ്പള്ളിയിലെ മത്സരം ബി.ജെ.പിയും ഇന്ത്യാ മുന്നണിയും തമ്മില്‍, മിത്ത് പരാമര്‍ശം പ്രതിഫലനമുണ്ടാക്കും'
Kerala News
'പുതുപ്പള്ളിയിലെ മത്സരം ബി.ജെ.പിയും ഇന്ത്യാ മുന്നണിയും തമ്മില്‍, മിത്ത് പരാമര്‍ശം പ്രതിഫലനമുണ്ടാക്കും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th August 2023, 11:59 pm

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ഇന്ത്യാ മുന്നണിയും തമ്മിലാണ് മത്സരമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മിത്ത് പരാമര്‍ശം പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ പ്രതിപക്ഷ മുന്നണി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. അതൊകൊണ്ട് തന്നെ ബി.ജെ.പിയും ഇന്ത്യാ മുന്നണിയും തമ്മിലാണ് മത്സരം.

പുതുപ്പള്ളിയില്‍ ബി.ജെ.പി വികസനമാണ് ചര്‍ച്ച ചെയ്യുന്നത്. ലിജിന്‍ ലാല്‍ മണ്ഡലത്തിലെ ഏറ്റവും നല്ല സ്ഥാനര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്നത് കൊണ്ടാണ് ജില്ലാ അധ്യക്ഷനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

സ്പീക്കര്‍ ഹിന്ദു ദൈവങ്ങള്‍ക്ക് നേരെ നടത്തിയ പരാമര്‍ശം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും. വിഷയം ആളുകളുടെ മനസ്സിലിപ്പോഴുമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം മനസിലാക്കാന്‍ സാധിക്കും,’ എം.ടി രമേശ് പറഞ്ഞു.

അതേസമയം, സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിന്‍. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.