| Friday, 15th October 2021, 2:57 pm

ജയിലില്‍ നിന്നിറങ്ങിയ ശേഷം മാസംതോറും ബ്രിട്ടന്‍ അനുവദിച്ച പണം വാങ്ങി ഭക്ഷിച്ചയാളല്ലേ സവര്‍ക്കര്‍? സന്ദീപ് വാര്യരോട് സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബ്രിട്ടീഷ് ഭരണകാലത്ത് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കര്‍ക്ക് പ്രേരണ നല്‍കിയത് ഗാന്ധിജിയാണെന്ന തരത്തിലുള്ള പ്രചരണം അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്. ഇതിനായി ഒരു തെളിവും മുന്നില്‍ നിര്‍ത്താന്‍ ബി.ജെ.പിയ്ക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചത്തെ കൈരളി ന്യൂസ് ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘1920 ല്‍ ഗാന്ധിജി പറഞ്ഞതുകൊണ്ട് 1911 ല്‍ മാപ്പപേക്ഷ കൊടുത്തുവെന്ന് പറഞ്ഞാല്‍ എന്തുചെയ്യും,’ സ്വരാജ് ചോദിച്ചു.

മുടിയനായ പുത്രന്‍ എന്ന് സ്വയം വിശേഷിപ്പിച്ച് ബ്രിട്ടന്റെ കാല്‍ക്കല്‍ വീണ് ഇരക്കുകയായിരുന്നു സവര്‍ക്കറെന്ന് സ്വരാജ് പറഞ്ഞു. എന്നാല്‍ സവര്‍ക്കറുടെ മാപ്പപേക്ഷയിലെ വാക്കുകള്‍ ഒരു പ്രയോഗത്തിന്റെ ഭാഗമായി വന്നതാണെന്നായിരുന്നു ബി.ജെ.പി പ്രതിനിധി പറഞ്ഞത്.

എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരൊക്കെയാണ് സര്‍ക്കാരിന് മുന്നില്‍ താന്‍ മുടിയനായ പുത്രനാണ് എന്ന് പറഞ്ഞതെന്നും ഒരു പൊതുപ്രയോഗമാണെങ്കില്‍ എല്ലാവരും പറയുമല്ലോയെന്നും സ്വരാജ് തിരിച്ചുചോദിച്ചു.

ജയില്‍ മോചിതനായ ശേഷവും സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് യാചിച്ച് കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല. എനിക്ക് കാശ് വേണം. ബ്രിട്ടനോട് ഭിക്ഷ യാചിച്ചില്ലേ. അത് നിരസിച്ചപ്പോള്‍ അതിന്റെ പകുതിയെങ്കിലും തരണം എന്ന് പറഞ്ഞില്ലേ. എന്നിട്ട് മാസംതോറും ബ്രിട്ടന്‍ അനുവദിച്ച് കൊടുത്ത പണം വാങ്ങി ഭക്ഷിച്ചില്ലേ,’ സ്വരാജ് ചോദിച്ചു.

ബി.ജെ.പിയെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യറും എന്‍.സി.പിയെ പ്രതിനിധീകരിച്ച് പി.എ. സുരേഷ് ബാബുവാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

സവര്‍ക്കറിനെ മുഖ്യധാരാ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ആര്‍.എസ്.എസും സംഘപരിവാറും ബോധപൂര്‍വമായ ശ്രമങ്ങളാണ് നടത്തുന്നത്. നേരത്തെ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് എന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു

പ്രസ്താവനകള്‍ക്ക് പിന്നാലെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. സി.പി.ഐ.എം, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പരസ്യമായി പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

‘ബ്രിട്ടീഷുകാരുമായി സഹകരണത്തിലായിരുന്നു ആര്‍.എസ്.എസ്. സവര്‍ക്കറുടെ മാപ്പപേക്ഷ വരുന്നത് 1911ലും 1913 ലുമാണ്. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിലേക്ക് പ്രവേശിക്കുന്നത് 1915 ലാണ്,’ എന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി യെച്ചൂരി പറഞ്ഞത്.
ഇതിനൊപ്പം സവര്‍ക്കറുടെ മാപ്പപേക്ഷയുടെ ചിത്രവും യെച്ചൂരി പങ്കുവെച്ചു.

ആള്‍ട്ടര്‍നേറ്റീവ് ഫാക്ടുകള്‍ പറഞ്ഞ് സത്യം വളച്ചൊടിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നതെന്നും, ചരിത്രബോധമില്ലാത്ത ഒരു ജനതയ്ക്ക് വേണ്ടി സത്യമെന്ന് തോന്നുന്ന നരേറ്റീവുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

സ്വരാജിന്റെ വാക്കുകള്‍:

മുടിയനായ പുത്രന്‍ എന്ന് ബ്രിട്ടന്റെ കാല്‍ക്കല്‍ വീണ് ഇരക്കുകയാണ്…ആ ഇരക്കുന്ന സമയത്ത് പറയുകയാണ് ഈ മുടിയനായ പുത്രന്റെ മുന്‍പില്‍ ദയാവായ്പിന്റെ വാതില്‍ തുറക്കാന്‍ നിങ്ങള്‍ക്കേ കഴിയൂ. അതിനെ ബി.ജെ.പി പ്രതിനിധി ന്യായീകരിക്കുന്നത് അതൊക്കെ ഒരു പ്രയോഗമാണ് എന്നാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് ആരൊക്കെയാണ് സര്‍ക്കാരിന് മുന്നില്‍ താന്‍ മുടിയനായ പുത്രനാണ് എന്ന് പറഞ്ഞത്. ഒരു പൊതുപ്രയോഗമാണെങ്കില്‍ എല്ലാവരും പറയുമല്ലോ

ജയില്‍ മോചിതനായ ശേഷം സവര്‍ക്കര്‍ എന്താണ് ചെയ്തത്. വീണ്ടും എഴുതിയില്ലേ കത്ത്. എന്തായിരുന്നു കത്തിന്റെ ഉള്ളടക്കം?

എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല. എനിക്ക് കാശ് വേണം. ബ്രിട്ടനോട് ഭിക്ഷ യാചിച്ചില്ലേ. അത് നിരസിച്ചപ്പോള്‍ അതിന്റെ പകുതിയെങ്കിലും തരണം എന്ന് പറഞ്ഞില്ലേ. എന്നിട്ട് മാസംതോറും ബ്രിട്ടന്‍ അനുവദിച്ച് കൊടുത്ത പണം വാങ്ങി ഭക്ഷിച്ചില്ലേ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: M Swaraj vs Sandeep Warrier Savarkar issue

We use cookies to give you the best possible experience. Learn more