കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ ഇന്ന് നമ്മളോടൊപ്പമില്ല എന്നത് തന്നെ ആഹ്ലാദിപ്പിക്കുന്ന കാര്യമല്ലെന്നും മറിച്ച് വേദനിപ്പിക്കുന്ന കാര്യമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. ഒഞ്ചിയത്തുണ്ടായ പ്രദേശികമായ ഒരു പ്രശ്‌നത്തിന്റെ ഒടുവിലുണ്ടായ നിര്‍ഭാഗ്യകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ സി.പി.ഐ.എം തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ പാര്‍ട്ടി അംഗത്തിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും എം.സ്വരാജ് വ്യക്തമാക്കി. എന്നാല്‍ ടി.പി. കേസിനെ മുന്‍ നിര്‍ത്തി അതില്‍ പങ്കില്ലാത്ത ആളുകളെ കേസില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ ആക്രമിക്കാനുള്ള നീക്കമാണ് നടന്നതെന്നും അതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ഒരു പ്രവര്‍ത്തകനെയോ നേതാവിനെയോ കൊലപ്പെടുത്തണമെന്ന നിലപാട് സി.പി.ഐ.എം സ്വീകരിച്ചിട്ടില്ലെന്നും ആ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസാണെന്നും സ്വരാജ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ എം.എല്‍.എയും തൃശൂര്‍ ഡി.സി.സി. പ്രസിഡന്റുമായിരുന്ന അബ്ദുല്‍ ഖാദര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിലെത്തിയതിന് പിന്നാലെ കൊല്ലപ്പെട്ടത് സ്വരാജ് ഉദാഹരണമായി പറഞ്ഞു.
‘ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടാന്‍ പാടില്ലായിരുന്നു എന്ന് ഉറപ്പിച്ച് നിലപാട് പറഞ്ഞ ആളാണ് ഞാന്‍. അന്നും ഇന്നും എല്ലാ കാലത്തും. ടി.പി. ചന്ദ്രശേഖരന്‍ ഇന്ന് നമ്മളോടൊപ്പമില്ല എന്നത് ഞങ്ങളെ സംബന്ധിച്ച് ആഹ്ലാദിപ്പിക്കുന്ന ഒരു കാര്യമല്ല, വേദനിപ്പിക്കുന്ന കാര്യമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ്.
അവിടെ(ഒഞ്ചിയത്ത്) രൂപപ്പെട്ടുവന്ന സംഘര്‍ഷങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും ശത്രുതയുടെയുമെല്ലാം അന്തരീക്ഷത്തിലുണ്ടായ നിര്‍ഭാഗ്യകരമായ, സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് അവിടെയുണ്ടായത്. അതിനെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. അതില്‍ പങ്കുണ്ട് എന്ന് ബോധ്യമായ പാര്‍ട്ടി അംഗത്തിനെതിരെ നടപടിയും സ്വീകരിച്ചു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പക്ഷേ, ആ കേസിനെ മുന്‍നിര്‍ത്തി അതില്‍ പങ്കില്ലാത്ത ഒരുപാട് ആളുകളെ അതില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ ആക്രമിക്കാനുള്ള നീക്കമാണ് നടന്നത്. അതിനോട് യോജിക്കാനാകില്ല. പാര്‍ട്ടി തന്നെ തകരണം എന്ന നിലപാടില്‍ ഇതിനെ ഒരു അവസരമാക്കാന്‍ ശ്രമിച്ചാല്‍ അതിനെ പിന്തുണക്കാനാകില്ല.
ടി.പി. ചന്ദ്രശേഖരന്റെ ഒരു പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്. ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്തത്. അതില്‍ അദ്ദേഹം പറയുന്നത്, സി.പി.ഐ.എമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോട് അഭിപ്രായ വിയോജിപ്പില്ല എന്നാണ്. യഥാര്‍ത്ഥത്തില്‍ വിയോജിപ്പ് ഒഞ്ചിയത്താണ്. അവിടത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു. അതൊരു പ്രാദേശികമായ പ്രശ്‌നമായിരുന്നു. അത് നിര്‍ഭാഗ്യകരമായ അവസ്ഥകളിലേക്ക് പരിണമിച്ചു.
ഒരു ഘട്ടത്തില്‍ അദ്ദേഹം (ടി.പി. ചന്ദ്രശേഖരന്‍) പാര്‍ട്ടി വിട്ടു. സാഹചര്യം മറ്റൊന്നായിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടിയിലേക്ക് തന്നെ തിരികെ വരുമായിരുന്നു എന്നാണ് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഇടപെട്ടിരുന്ന പലരും ഉറച്ച് വിശ്വസിക്കുന്നത്,’ എം.സ്വരാജ് പറഞ്ഞു.