| Thursday, 6th December 2018, 10:01 am

ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറിനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് പൊള്ളുന്നത്; സഭയില്‍ ബഹളം വെച്ച കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിച്ച് സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാറിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനിടെ സഭയില്‍ ബഹളം വെച്ച് കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിച്ച് എം. സ്വരാജ് എം.എല്‍.എയുടെ മറുപടി.

ശബരിമലയില്‍ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ നേതാക്കളെ കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് എന്തിനാണ് പൊള്ളുന്നത് എന്നായിരുന്നു സ്വരാജിന്റെ ചോദ്യം.ഇതോടെ പ്രതിപക്ഷം ബഹളം വെക്കുന്നത് നിര്‍ത്തി.


കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 26 വര്‍ഷം


“”സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു ഭരണഅട്ടിമറി സ്വപ്‌നം കണ്ടുകൊണ്ടുള്ള ഒരു സമരാഭാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നമുക്ക് എന്തിനാണ് രണ്ട് കൊടി ഒന്ന് പോരേയെന്ന് ഇരുകൂട്ടരും ഒരുമിച്ച് തീരുമാനിക്കുന്നത് നമ്മള്‍ ഇവിടെ കാണുകയുണ്ടായി. ദേവസ്വം ബോര്‍ഡിലെ 60 ശതമാനം ജീവനക്കാരും ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞ ശ്രീമതി ശശികലയെ കുറിച്ച് മന്ത്രി സൂചിപ്പിച്ചു. ആ ശശികല ജാമ്യം കിട്ടി ഇറങ്ങി വന്നപ്പോള്‍ യു.ഡി.എഫ് ഭരിക്കുന്ന ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്യാന്‍ അവരെ കൊണ്ടുവന്ന സമീപനം നമ്മള്‍ കണ്ടതാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, ഒരു അമ്മൂമ്മയുടെ തലയില്‍ നാളികേരം എറിയുന്നത് കണ്ടു. നട അടപ്പിക്കാന്‍ അയ്യപ്പന്റെ സന്നിധിയില്‍ മൂത്രമൊഴിക്കാന്‍ ഏര്‍പ്പാട് ചെയ്തു എന്ന് പറയുന്ന ആളേയും കണ്ടു. പതിനെട്ടാം പഠിയില്‍ കയറി പൃഷ്ഠ പ്രദര്‍ശനം നട്തതുന്നതും കണ്ടു…”” ഇത്തരത്തില്‍ സ്വരാജ് സംസാരം തുടങ്ങിയപ്പോഴായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ ബഹളം വെച്ചത്.

ഇതോടെശബരിമലയില്‍ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ നേതാക്കളെ കുറിച്ച് പറയുമ്പോള്‍ എന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് എന്തിനാണ് പൊള്ളുന്നത് എന്നും ഞാന്‍ നിങ്ങളെ കുറിച്ചല്ല പറഞ്ഞത് സംഘപരിവാറിനെ കുറിച്ചാണെന്നും സ്വരാജ് മറുപടി പറഞ്ഞു.

“” സംഘപരിവാറിനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ക്ക് പൊള്ളണ്ട. ഇങ്ങനെ സ്ഥിരമായി അക്രമം നടത്തി ഭക്തരെ പരിക്കേല്‍പ്പിക്കുന്ന ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റുന്ന ആളുകളെ നമുക്ക് മനസിലായി. അവരുടെ പേരില്‍ നടപടിയെടുത്തു. കോടതി അവര്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥ ശ്രദ്ധിക്കേണ്ടതാണ്. അത് ശബരിമലയില്‍ പ്രവേശിക്കരുത് എന്നല്ല, റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് കാലുകുത്തരുത് എന്നാണ്. ശബരിമലയില്‍ കലാപമുണ്ടാക്കുന്ന ഞാന്‍ ഈ പരാമര്‍ശിച്ചവരുള്‍പ്പെടെയുള്ളവരെ അവിടുത്തെ ഭക്തരെ കരുതി, ഇവര്‍ അവിടെ കയറിയാല്‍ അക്രമം ഉണ്ടാകുമെന്ന് കരുതി, ഇവരില്‍ നിന്നും ശബരിമലയെ സംരക്ഷിക്കാന്‍ പ്രത്യേക നടപടി എടുക്കാന്‍ കഴിയുമോ എന്ന കാര്യമാണ് തനിക്ക് ചോദിക്കാനുള്ളത്”” എന്നും എം സ്വരാജ് പറഞ്ഞു.

ഇതിന് പിന്നാലെ സംസാരിക്കാന്‍ എഴുന്നേറ്റ ചെന്നിത്തല കൊടികൂട്ടിക്കെട്ടി ഇവിടെ ആരാണ് 77 മുതലും അതിന് ശേഷവും മത്സരിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജനസംഘവുമായി കൂട്ടുകൂടി കൂത്തുപറമ്പില്‍ മത്സരിച്ചു ജയിച്ച ആളാണ് കേരളം ഭരിക്കുന്നത് എന്ന് ആരും മറക്കരുതെന്നും മറുപടി നല്‍കി.

We use cookies to give you the best possible experience. Learn more