രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്: എം. സ്വരാജ്
Kerala News
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്: എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th March 2022, 10:01 pm

തിരുവനന്തപുരം: രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സി.പി.എൈ.എം സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്കുനേര്‍ പരിപാടിയിലായിരുന്നു സ്വരാജിന്റെ പ്രതികരണം.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല, മികച്ച പ്രതിപക്ഷ നേതാവാണെന്ന് പറയാന്‍ എനിക്ക് മടിയുമില്ല. കേരളത്തിലെ പരമ്പരാഗതമായ പ്രവര്‍ത്തനശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്.

എന്നാല്‍, നോട്ട് നിരോധനം, പൗരത്വ പ്രക്ഷോഭം ഇവയൊക്കെ നടക്കുന്ന സമയത്ത് സത്യത്തില്‍ കേരളത്തില്‍ ഒരു യോജിച്ച പ്രക്ഷോഭം ഉണ്ടാകാമായിരുന്നു. ഇത് രണ്ടും പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും അഭിപ്രായ വ്യത്യാസം ഇല്ലാത്ത വിഷയമാണ്. തുടക്കത്തില്‍ യോജിപ്പോടെ സമരം നയിച്ചെങ്കിലും, അത് നിലനിര്‍ത്താനാകായില്ലെന്നും സ്വരാജ് പറഞ്ഞു.

അത് പ്രതിപക്ഷ നേതാവിന്റെ പോരായ്മയല്ല. അദ്ദേഹം സമ്മര്‍ദ്ദത്തിന് വഴിങ്ങുകായിരുന്നു. യോജിക്കാനിടയുള്ള സമയയെത്തുപോലും യോജിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ഒരു ദൗര്‍ബല്യം കേരളത്തിനുണ്ടായി എന്നും സ്വരാജ് വ്യക്തമാക്കി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ പ്രതിപക്ഷ നേതാവായത്. എന്നാല്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ഇടതുമുന്നണി തുടര്‍ഭരണം നേടി അധികാരത്തിലെത്തിയതോടെ ചെന്നിത്തലക്ക് സ്ഥാനം ഒഴിയേണ്ടി വരികയായിരുന്നു.