തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ പുളകം കൊണ്ട മാധ്യമങ്ങള്‍ കേരള ബജറ്റില്‍ ബഹളമുണ്ടാക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ്. സി.പി.ഐ.എം സംഘടിപ്പിച്ച തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ ഒരു ഹീനനായി ചിത്രീകരിക്കാനാണ് മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മലയാള മനോരമയും മാതൃഭൂമിയും മാധ്യമവുമടക്കമുള്ള മാധ്യമങ്ങള്‍ ഒരേ ശ്രമത്തിലാണിതിന് പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ ഈ നാട്ടുകാര്‍ അല്ല എന്നായിരുന്നു മാധ്യമങ്ങളുടെ ഭാവം. ഭക്ഷ്യ സബ്‌സിഡി തൊണ്ണൂറായിരം കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 30,000 കോടി വെട്ടിക്കുറച്ചു. ഇതൊന്നും കാണാത്ത മാധ്യമങ്ങള്‍ മോദിയുടെ നല്ല കുട്ടികളായി നിന്നു.
എന്നാല്‍ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ കൈമേയ്യ് മറന്നുള്ള ആക്രമണങ്ങളാണ് മാധ്യമങ്ങള്‍ അഴിച്ചുവിടുന്നത്. ഹീനമായ കാര്‍ട്ടൂണിലൂടെയാണ് പത്ര മാധ്യമങ്ങള്‍ ബാലഗോപാലിനെ ആക്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഈ മാധ്യമങ്ങള്‍ അന്വേഷിക്കുന്നില്ല,’ സ്വരാജ് പറഞ്ഞു.
രാജ്യന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായ വാര്‍ത്ത മലയാള മാധ്യമങ്ങള്‍ വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്നും, മലയാള മനോരമ ഈ വാര്‍ത്ത കണ്ടില്ലെന്ന് നടിച്ചപ്പോള്‍ മാതൃഭൂമി ഈ വാര്‍ത്ത ഉള്ളിലൊതുക്കിയെന്നും സ്വരാജ് പറഞ്ഞു.
മനോരമയും മാതൃഭൂമിയും മറ്റ് ദേശീയ മാധ്യമങ്ങളും നിലനില്‍പ്പിന് വേണ്ടി ആര്‍.എസ്.എസിന്റെ അടിമകളാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മുഖ്യമന്ത്രി ഔദ്യോഗിക വാഹനം മാറ്റുമ്പോള്‍ ചര്‍ച്ച നടത്തുന്ന ആളുകള്‍ പ്രധാനമന്ത്രി ആഡംബര വാഹനം വാങ്ങുമ്പോള്‍ വലിയ സംഭവമായിട്ടാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് സംസ്ഥാന സര്‍ക്കാര്‍ വാഹനം അനുവദിച്ചപ്പോഴും മാധ്യമങ്ങള്‍ മിണ്ടിയില്ലെന്നും സ്വരാജ് ആരോപിച്ചു.
Content Highlight: M. Swaraj says Malayalam media is trying to portray Finance Minister K.N. Balagopal as a villain