സമ്പത്ത് 4.21 കോടി ശമ്പളം വാങ്ങിയെന്ന് പ്രചരിപ്പിച്ചു; മാതൃഭൂമിയും മനോരമയും കടലാസ് രൂപത്തില്‍ വീടുകളില്‍ കള്ളമെത്തിക്കുന്നവര്‍: എം. സ്വരാജ്
Kerala News
സമ്പത്ത് 4.21 കോടി ശമ്പളം വാങ്ങിയെന്ന് പ്രചരിപ്പിച്ചു; മാതൃഭൂമിയും മനോരമയും കടലാസ് രൂപത്തില്‍ വീടുകളില്‍ കള്ളമെത്തിക്കുന്നവര്‍: എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2023, 8:01 pm

തിരുവനന്തപുരം: മാതൃഭൂമിയും മനോരമയും കടലാസിന്റെ രൂപത്തില്‍ എന്നും മലയാളികളുടെ വീടുകളില്‍ കള്ളമെത്തിക്കുവരാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. കെ.വി. തോമസിന് മുമ്പ് ദല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്ന എം. സമ്പത്ത് 18 ലക്ഷത്തോളം ശമ്പളം വാങ്ങിയെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ തിരുത്ത് കൊടുത്തപ്പോള്‍ ഖേദം പ്രകടിപ്പിക്കുക പോലും ചെയ്തില്ലെന്നും സ്വരാജ് പറഞ്ഞു.

സി.പി.ഐ.എം സംഘടിപ്പിക്കുന്ന തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.

‘സംസ്ഥാനത്തിന്റെ പ്രതിനിധിയായി എ.സമ്പത്ത് പ്രവര്‍ത്തിച്ചിരുന്ന കാലത്തെ തെറ്റായ കണക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്ന് 7.26 കോടി ചിലവഴിച്ചു എന്നാണ് മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്തത്. ശമ്പളമായി മാത്രം 4.26 കോടി നല്‍യിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ പറയുന്നത് പോലെയാണെങ്കില്‍ എ. സമ്പത്തിന് 18 ലക്ഷം പ്രതിമാസം സാലറി നല്‍കിയട്ടുണ്ടാകണം. വലിയ കള്ളമയിരുന്നു ഇത്.

ഇടതുപക്ഷ വിരുദ്ധമാകുമ്പോള്‍ കള്ളം പറയുന്നത് വിശ്വസിക്കാന്‍ ഇവിടെ കുറച്ച് ആളുകളുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ കള്ളം പറയുന്നത് തുടരുന്നത്.

പിറ്റേ ദിവസം ഈ മാധ്യങ്ങള്‍ക്ക് വാര്‍ത്ത തിരുത്തേണ്ടി വന്നു. സമ്പത്ത് കൈപ്പറ്റിയത് 18.4 ലക്ഷം രൂപയാണെന്നാണ് തിരുത്തല്‍ വാര്‍ത്ത നല്‍കിയത്. തിരുത്തലില്‍ ഖേദം പ്രകടിപ്പിച്ചില്ല. കാരണം കള്ളം പറയല്‍ ജന്മാവകാശമായിട്ടാണ് ഇവര്‍ കരുതുന്നത്.

60,000 രൂപയില്‍ താഴെ മാത്രം മാസ ശമ്പളം കൈപ്പറ്റിയ ആളെക്കുറിച്ചാണ് പ്രതിമാസം 18 ലക്ഷത്തോളം ശമ്പളം വാങ്ങിയെന്നത് ഇവര്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ പ്രസിഡന്റിന് ഇത്ര ശമ്പളമുണ്ടോയെന്ന് അവര്‍ക്ക് അന്വേഷിക്കാമായിരുന്നു,’ സ്വരാജ് പറഞ്ഞു.

കെ.വി. തോമസ് മാഷ് മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് ഇഷ്ടമുള്ളയാളായിരുന്നു. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുകയും ഇടതുപക്ഷത്തേക്ക് വരികയും ചെയ്തതോടെ എത്ര പെട്ടന്നാണ് മാധ്യമങ്ങള്‍ക്ക് അദ്ദേഹം തൊട്ടുകൂടാത്തവനായതെന്നും സ്വരാജ് ചോദിച്ചു.

‘കെ.വി. തോമസിനെ കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ മാധ്യമങ്ങളുടെ അനിഷ്ടം പ്രകടമാണ്. കേരളത്തിന്റെ പ്രതിനിധിയായി ഒരാള്‍ ഭരണ നിര്‍വഹണം സുഖമമാക്കാന്‍ ദല്‍ഹിയിലുണ്ടാകുന്നത് സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. പക്ഷെ മനോരമക്കും മാതൃഭൂമിക്കും അത് ഇഷ്ടപ്പെടുന്നതേയില്ല. എന്തോ അസ്വാഭാവികമായി കാര്യം എന്ന നിലയിലാണ് അവരത് റിപ്പോര്‍ട്ട് ചെയ്തത്.

ദല്‍ഹിയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി കേരളം മാത്രമാണ് എന്ന തരത്തിലാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഓരോ സംസ്ഥാനവും ഇത്തരത്തിലുള്ള നിയമനം നടത്താറുള്ളതാണ്. ഇതൊരു ദുര്‍ചെലവാണെന്നതരത്തിലാണ് ഈ മാധ്യമങ്ങള്‍ ഇതിനെ അവതരിപ്പിക്കുന്നത്,’ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight:  M. Swaraj said Mathrubhumi and Manorama in the form of paper will always be brought to the homes of the Malayalees