ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെക്കുറിച്ചും വരുന്ന സിനിമകളെക്കുറിച്ചും അഭിപ്രായപ്രകടനം നടത്താന്‍ ഇപ്പോള്‍ സമയമായിട്ടില്ല. ഏതു സിനിമയും ഇറങ്ങി അത് കണ്ടതിന് ശേഷം മാത്രമേ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമാകുകയുള്ളു.
പക്ഷെ ഇങ്ങനെ ഒരു സിനിമ വരുന്നു എന്ന് കേള്‍ക്കുമ്പോഴേക്കും അതിനെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. അത് സംഘപരിവാറിന്റെ അങ്ങേയറ്റത്തെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം മാത്രമാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ഇന്നത്തെ തലമുറക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അത്ര വിപുലമായാണ് ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരം മലബാര്‍ മേഖലയില്‍ നടന്നിട്ടുള്ളത്. മലബാറില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ചെറുതും വലുതുമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. 1852ലാണ് മമ്പുറം തങ്ങളായ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ കുടുംബസമേതം നാടുകടത്തുന്നത്, അതായത് ഒന്നാം സ്വാതന്ത്ര്യസമരത്തിനും അഞ്ച് വര്‍ഷം മുന്‍പ്.
1854ലാണ് മാപ്പിള ഔട്ട്‌റേജസ് ആക്ട് നിലവില്‍ വരികയും അതിന്റെ ഭാഗമായി ആയിരക്കണക്കിന് മുസ്‌ലിങ്ങളെ ഇവിടെ നിന്നും അന്തമാനിലേക്കും ആസ്‌ട്രേലിയക്കുമൊക്കെ നാടുകടത്തുന്നത്. അങ്ങിനെയൊരു നടപടിക്ക് നേതൃത്വം നല്‍കിയ കേണല്‍ കനോലിയെ മാപ്പിള പോരാളികള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു.
1849ലാണ് മഞ്ചേരി കലാപം നടക്കുന്നത്. ഹസന്‍ മൊയ്തീന്‍ നേതൃത്വം കൊടുത്ത ആ കലാപം അന്യായ നികുതിക്കെതിരായ സമരമായിരുന്നു. 1843ലാണ് ചേറൂര്‍ വിപ്ലവം നടക്കുന്നത്. ഇതെല്ലാം ഇവിടെ സൂചിപ്പിച്ചത് ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത സമരങ്ങളും കലാപങ്ങളും വിപ്ലവങ്ങളും നടന്നിട്ടുള്ള നാടാണ് മലബാര്‍ എന്ന് ചൂണ്ടിക്കാണിക്കുന്നതിനാണ്. ഇത്തരം പോരാട്ടങ്ങളുടെ പ്രധാന കാരണം ഇവിടുത്തെ ജന്മി കുടിയാന്‍ സംഘര്‍ഷങ്ങളായിരുന്നു. 1920ലാണ് കുടിയാന്‍ സംഘം രൂപീകരിക്കപ്പെട്ടത്. കട്ടിളശ്ശേരി മുഹമ്മദ് മുസ്‌ല്യാരും എന്‍.പി നാരായണ മേനോനുമാണ് അതിന് നേതൃത്വം നല്‍കിയത്. ജന്മിമാരുടെ ചൂഷണത്തിനെതിരെ കുടിയാന്‍മാര്‍ പോരാടിയ സന്ദര്‍ഭമായിരുന്നു അത്.
ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്ന, സിനിമയുടെ പശ്ചാത്തലമെന്ന് കരുതപ്പെടുന്ന 1921ലെ മലബാര്‍ സമരം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ആരംഭിച്ചത്. ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. മലബാറില്‍ ഖിലാഫത്ത് ആരംഭിക്കുന്നത് മഹാത്മ ഗാന്ധിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ്.
1920ല്‍ മഹാത്മ ഗാന്ധിയും മൗലാന ഷൗക്കത്ത് അലിയും കോഴിക്കോട് എത്തി. കോഴിക്കോട് കടപ്പുറത്ത് അന്ന് മഹാത്മ ഗാന്ധിയുടെ പ്രസംഗത്തിലെ ആഹ്വാനമായിരുന്നു ഖിലാഫത്ത് സജീവമാക്കണം എന്നത്. ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും കൈകോര്‍ത്ത് ബ്രിട്ടനെതിരെ പോരാടണമെന്നായിരുന്നു അന്ന് മഹാത്മ ഗാന്ധി പറഞ്ഞത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് അന്ന് ഇന്ത്യയില്‍ ഗാന്ധി യാത്ര നടത്തിയതെങ്കിലും കേരളത്തില്‍ ഖിലാഫത്ത് സജീവമാക്കണം എന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. ഗാന്ധിജിയുടെ ആഹ്വാനപ്രകാരമാണ് മലബാറില്‍ ഖിലാഫത്ത് സജീവമായതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മലബാറിലെ ഖിലാഫത്തിന്റെ പിതാവ് ഗാന്ധിജിയാണ്.
ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവും അന്ന് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. അന്ന് ദേശീയ പ്രസ്ഥാനമെന്നാല്‍ നിസ്സഹകരണ പ്രസ്ഥാനമായിരുന്നു എന്നതു കൂടി ഇവിടെ ശ്രദ്ധിക്കണം. അക്കാലത്ത് തന്നെ ജന്മിമാരുടെ ചൂഷണത്തിനെതിരെ രൂപം കൊണ്ട കുടിയാന്‍ സംഘവും ഇതിനൊപ്പം ചേരുകയായിരുന്നു. അങ്ങിനെ കുടിയാന്‍ സംഘം, ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനം എന്നീ മൂന്ന് ധാരകള്‍ മലബാര്‍ സമരത്തിനുണ്ട്. ഇത് മൂന്നും ബ്രിട്ടനെതിരായിരുന്നു. അന്ന് ജന്മിമാര്‍ ബ്രിട്ടന്റെ അനുയായികളായിരുന്നു. ബ്രിട്ടീഷ് മേധാവിത്വത്തിന്റെ ആശ്രിതരായായിരുന്നു അവര്‍. അതുകൊണ്ട് തന്നെ അക്കാലത്ത് മലബാറില്‍ നടന്ന എല്ലാ സമരങ്ങളും ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വവിരുദ്ധവുമാണ്.
എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചാണ് ഈ സമരങ്ങളില്‍ അണിനിരന്നത്. അതില്‍ വര്‍ഗീയത എന്ന ഒരംശം ഉണ്ടായിരുന്നില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു ഈ സമരങ്ങളുടെ നേതാവ്. അന്ന് ഖിലാഫത്തില്‍ ഹിന്ദുക്കളുമുണ്ടായിരുന്നു. ബ്രിട്ടനോട് എതിരിട്ട് അദ്ദേഹം ഒരു സമാന്തര രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ആ രാഷ്ട്രത്തിന്റെ തലസ്ഥാനം നിലമ്പൂരായിരുന്നു.
1921ലാണ് വാരിയംകുന്നത്ത് ഈ സമാന്തര രാഷ്ട്രത്തിന്റെ പ്രഖ്യാപനം നടത്തുന്നത്. കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ ഈ പ്രഖ്യാപനം എടുത്തുകാണിക്കുന്നുണ്ട്. ആ പ്രഖ്യാപനം വായിച്ചാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് എല്ലാ വിഭാഗം ജനങ്ങളോടും നീതി പുലര്‍ത്തുന്നതായിരുന്നു എന്ന് വ്യക്തമാകും. അദ്ദേഹം ഒരു വര്‍ഗീയവാദിയായിരുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.
അന്ന് ബ്രിട്ടീഷുകാരുടെ ഏജന്റായിരുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ വധിച്ചിട്ടുണ്ട്. അങ്ങിനെ വധിച്ചവരില്‍ ഒരു പ്രമുഖന്റെ പേര് ഖാന്‍ ബഹദൂര്‍ ചേക്കുട്ടി സാഹിബ് എന്നായിരുന്നു. അയാളൊരു ഹിന്ദുവല്ല, മുസ്‌ലിമാണ്. ഖാന്‍ ബഹദൂര്‍ എന്നത് ബ്രിട്ടണ്‍ പതിച്ചുകൊടുത്ത പട്ടവും. ബ്രിട്ടന്റെ ഏജന്റായി പ്രവര്‍ത്തിച്ച ഒരു രാജ്യദ്രോഹിയെയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയത്. കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിക്കാന്‍ ബ്രിട്ടന്‍ ചുമതലപ്പെടുത്തിയതും ഹൈദ്രോസ്‌കുട്ടി എന്ന മുസ്‌ലിമിനെയായിരുന്നു. അദ്ദേഹത്തെയും കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ വധിക്കുന്നുണ്ട്. അന്ന് മതാടിസ്ഥാനത്തിലുള്ള ചേരിത്തിരിവില്ലായിരുന്നു എന്ന് മാത്രമല്ല ഹിന്ദു – മുസ്‌ലിം ഐക്യം നല്ല രീതിയില്‍ നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു മലബാര്‍. യാതൊരു വര്‍ഗീയ സ്വഭാവവും അന്നത്തെ സമരങ്ങള്‍ക്കില്ലായിരുന്നു.
മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ ആത്മകഥാപരമായ പുസ്തകമായ ഖിലാഫത്ത് സ്മരണകളില്‍ അന്നത്തെ സാഹചര്യം വിശദീകരിക്കുന്നുണ്ട്. അന്നത്തെ സമരത്തെക്കുറിച്ചും സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും ഹിന്ദു-മുസ്‌ലിം ഐക്യത്തെക്കുറിച്ചും വേറെയും ഒട്ടേറെ പേര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ 1920കളില്‍ തിരൂരങ്ങാടിയിലും തിരൂരും പാണ്ടിക്കാടും മഞ്ചേരിയിലുമെല്ലാം വലിയ ഹിന്ദു – മുസ്‌ലിം ഐക്യമാണ് നിലനിന്നിരുന്നത്. അന്ന് ബ്രിട്ടീഷ് സൈന്യം മലപ്പുറം വലിയ പള്ളി ആക്രമിക്കാനായി വരുമ്പോള്‍ പള്ളി സംരക്ഷിക്കാനായി മുന്നില്‍ നിന്നത് ഒരു ഹിന്ദുവായിരുന്നു. പള്ളി സംരക്ഷിക്കാനായി ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചവരാണ് മലപ്പുറം ശുഹദാക്കള്‍ എന്നറിയപ്പെടുന്നത്. അതില്‍ ആദ്യമായി വെടിയേറ്റു വീണ മലപ്പുറം ശുഹദാവിന്റെ പേര് തട്ടാന്‍ കുഞ്ഞന്‍ എന്നാണ്.
എന്നാല്‍ മലബാറിലെ ജനങ്ങളുടെ ഐക്യം നശിപ്പിക്കാനും ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ബ്രിട്ടന്‍ നടപ്പിലാക്കിയിരുന്നു. ഹിച്ച്‌കോക്കിന്റെ നേതൃത്വത്തില്‍ അക്കാലത്തെ സമരങ്ങളെ ഹിന്ദു – മുസ്‌ലിം കലാപമാണ് എന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. പല ഭാഷകളില്‍ ലഘുലേഖകള്‍ അച്ചടിച്ച് വിതരണവും നടത്തി. അത്തരത്തില്‍ നടന്ന വലിയ പ്രചാരണങ്ങളെ തുടര്‍ന്ന് നിരവധി പേരാണ് സമരങ്ങളെ തെറ്റിദ്ധരിച്ചിട്ടുള്ളത്.
ഈ സമരത്തില്‍ ചില ഘട്ടങ്ങളില്‍ ചില സ്ഥലങ്ങളില്‍ വര്‍ഗീയ സ്വഭാവം കൈവരിക്കുകയും തെറ്റായ പ്രവണതകള്‍ കടന്നുവരികയും ചെയതിട്ടുണ്ട് എന്നതും ശരിയാണ്. എന്നാല്‍ സമരത്തിന്റെ ആകെ ഉദ്ദേശ്യം ഒരിക്കലും വര്‍ഗീയ സ്വഭാവമുള്ളതായിരുന്നില്ല, അത് എപ്പോഴും ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വ വിരുദ്ധവും തന്നെയായിരുന്നു. തെറ്റായ പ്രവണതകളെ നമ്മള്‍ തെറ്റായി തന്നെ കാണണം. എന്നാല്‍ സമരത്തെയും ശരിയായ രീതിയില്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഇനി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രത്യേകമായി പരിശോധിച്ചാല്‍, അദ്ദേഹം ഇവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കളെയും മു സ്‌ലിങ്ങളെയുമെല്ലാം ഒന്നിച്ചുനിര്‍ത്തി ബ്രിട്ടനെതിരെ പോരാടാന്‍ നേതൃത്വം നല്‍കിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിചാരണക്ക് ശേഷം സ്‌പെഷ്യല്‍ ജഡ്ജ് നടത്തിയ പരാമര്‍ശത്തില്‍ പറയുന്ന കാര്യം ഈ സമരത്തിലേക്ക് കുഞ്ഞഹമ്മദ് ഹാജിയെ നയിച്ചത് ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവുമാണ്, അല്ലാതെ മതഭ്രാന്തല്ല എന്നാണ്.
ചരിത്ര പുരുഷനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടനെതിരായി അക്കാലത്ത് ജനങ്ങളെ സംഘടിപ്പിക്കുകയും ബ്രിട്ടീഷ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് കാലുകുത്താന്‍ കഴിയാത്ത ഒരു രാജ്യം സ്ഥാപിക്കുകയും ചെയ്ത വ്യക്തിയാണ്. സ്വന്തമായി പാസ്‌പോര്‍ട്ടും നികുതിയും വരെയുണ്ടായിരുന്നു ഈ രാജ്യത്തിന് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ബ്രിട്ടീഷുകാര്‍ക്ക് കടക്കാന്‍ കഴിയാത്ത ഒരു രാജ്യം ബ്രിട്ടീഷ് ഇന്ത്യയില്‍ പിറന്നു എന്ന് അന്ന് ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ബ്രിട്ടന് വലിയ നാണക്കേടുണ്ടാക്കി. ആ നാണക്കേട് തീര്‍ക്കാനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ സര്‍വ്വ സൈന്യശക്തിയുമുപയോഗിച്ച് ബ്രിട്ടന്‍ ആഞ്ഞടിച്ചതും അദ്ദേഹം രക്തസാക്ഷിയായതും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിപുലമായ ചരിത്രത്തിലെ വളരെ ആവേശനിര്‍ഭരവും ത്യാഗപൂര്‍ണ്ണവുമായ ഒരു അധ്യായത്തിന് നേതൃത്വം നല്‍കിയ പോരാളിയാണ് അദ്ദേഹം.
എന്നാല്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നടന്നിട്ടുള്ള ചെറുതും വലുതുമായ സമരങ്ങളില്‍ തെറ്റായ പ്രവണതകളുള്ള ചില ഇടങ്ങളും സംഭവങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടാകും. ഇതിനെക്കുറിച്ചറിയാന്‍ ചരിത്രം ശരിയായി പരിശോധിക്കുക എന്നതിനപ്പുറം നമ്മുടെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലെ ധീരനേതാവിനെക്കുറിച്ച് ഒരു സിനിമ വരുമ്പോഴേക്കും അസഹിഷ്ണുതയും തര്‍ക്കവും വിവാദവുമുണ്ടാകുന്നത് സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും തെറ്റായ ഇടപെടാലായി മാത്രമേ കാണാന്‍ സാധിക്കൂ.
സിനിമകള്‍ ഇറങ്ങട്ടെ. സിനിമയും ചരിത്രവും ഒന്നായിക്കൊള്ളണമെന്നില്ല. സിനിമക്ക് സിനിമയുടേതായ ഒരു ആവിഷ്‌കാരഭൂമികയുണ്ട്. എന്നാല്‍ ഏതെങ്കിലും കലാരൂപത്തിന്റെ മറവില്‍ ചരിത്രവസ്തുതകളെ തെറ്റായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം ആരെങ്കിലും നടത്തുന്നത് ശരിയല്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നാല് സിനിമകള്‍ ഇറങ്ങിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് പ്രതികരിക്കാനാകൂ.
എന്നാല്‍ ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകളില്‍ പോലും മതസ്പര്‍ധയും ചേരിതിരിവും ലക്ഷ്യം വെച്ചുകൊണ്ടാണ് സംഘപരിവാര്‍ മുന്നോട്ടുപോകുന്നത്. ചിലതെല്ലാം തമാശയായി തോന്നുമെങ്കിലും ഇത് വളരെ അപകടകരമായ പ്രവണതയാണ്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഈ സിനിമയെക്കുറിച്ച് കേള്‍ക്കുമ്പോഴും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് കേള്‍ക്കുമ്പോഴുമെല്ലാം അവര്‍ നോക്കുന്നത് ഇതിനെ ഒരു വിവാദമാക്കി മാറ്റിയാല്‍ മതസ്പര്‍ധ എത്രമാത്രം വളര്‍ത്താം, മതവിഭാഗങ്ങള്‍ക്കിടയില്‍ എത്രമാത്രം അകല്‍ച്ച കൂട്ടാം എന്നെല്ലാമാണ്. അതിനവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയും ചെയ്യുന്നു. ഈ പ്ലാറ്റ്‌ഫോമുകളില്‍ ഇവര്‍ വളരെ കേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത്. പെയ്ഡ് പ്രവര്‍ത്തനങ്ങള്‍ വരെ കൃത്യമായി നടക്കുന്നുണ്ട്. ഇതര മതസ്ഥരായവരുടെ പ്രൊഫൈലുകള്‍ വിലക്കെടുത്ത് പോലും സംഘപരിവാര്‍ ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്നു. സംഘപരിവാറിന്റെ ഹീനരാഷ്ട്രീയത്തിനായി ആധുനിക സാങ്കേതിക വിദ്യയെയും ഉപയോഗിക്കുകയാണ്.
ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ വിഭജിക്കുക എന്നതാണ്. സംഘപരിവാറിന്റെ അധികാര രാഷ്ട്രീയത്തിന്റെ അടിത്തറ ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുക എന്നത് മാത്രമാണ്. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ രണ്ട് ധ്രുവങ്ങളിലാക്കി മാറ്റിയാല്‍, മറ്റെല്ലാം അപ്രസക്തമാകും വിധം ഉള്ളില്‍ മതഭ്രാന്തുള്ളവരാക്കി മാറ്റിയാല്‍, ഭൂരിപക്ഷം ജനങ്ങള്‍ തങ്ങളോടൊപ്പമാകുമെന്നും അങ്ങിനെ എക്കാലവും അധികാരത്തില്‍ തുടരാനാകുമെന്നുമുള്ള ലളിതമായ വര്‍ഗീയ രാഷ്ട്ര തന്ത്രമാണ് ആര്‍.എസ്.എസിന്റേത്. ഇവര്‍ ഓരോ സംഭവങ്ങളെയും ഹിന്ദു-മുസ്‌ലിം വിഭജനത്തിനായി ഉപയോഗിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.