| Tuesday, 29th November 2016, 9:15 am

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; പൊലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്ന് എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊലീസ് പറയുന്നത് കളവാണെന്നും പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്നുമുള്ള വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സംശയിക്കുന്നവര്‍ക്ക് അതിന് മതിയായ കാരണങ്ങളുണ്ടെന്നും സ്വരാജ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.


എറണാകുളം: നിലമ്പൂരില്‍ പൊലീസ് ഏറ്റുമുട്ടല്‍ രണ്ട് മാവോയ്‌സ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം എം.എല്‍.എ എം. സ്വരാജ്.

നിലമ്പൂര്‍ സംഭവത്തില്‍ പൊലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സ്വരാജ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ വിശദീകരണം ഏറ്റുമുട്ടലിനിടെയുണ്ടായ മരണമെന്നാണ്.

എന്നാല്‍ പൊലീസ് പറയുന്നത് കളവാണെന്നും പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്നുമുള്ള വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സംശയിക്കുന്നവര്‍ക്ക് അതിന് മതിയായ കാരണങ്ങളുണ്ടെന്നും സ്വരാജ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

ഏതായാലും വര്‍ഗീസ്/രാജന്‍ സംഭവങ്ങളെപ്പോലെ പൊലീസ് ഭാഷ്യം അപ്പടി സ്വീകരിച്ച് ഫയല്‍ അടയ്ക്കുന്ന സര്‍ക്കാരല്ല ഇപ്പോള്‍ കേരളത്തിലുള്ളത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലണമെന്ന നിലപാട് സി.പി.ഐ.എമ്മിന് ഇല്ല . ഇവിടെ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.


നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പോസ്റ്റിട്ട എം.എല്‍.എ വി.ടി ബല്‍റാമിനെ സ്വരാജ് വിമര്‍ശിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രതിഷേധിച്ചവരില്‍ വി.ടി ബല്‍റാം എം.എല്‍.എയുമുണ്ട്.  ഇങ്ങനെയൊക്കെ ചെയ്യുന്ന അല്‍പ്പന്മാരുടെ അതേ നിലവാരമാണ് തനിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കാനുള്ള ബല്‍റാമിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ എതിര്‍ക്കുന്നില്ലെന്ന് സ്വരാജ് പറഞ്ഞു.

ഇപ്പോഴത്തെ സംഭവങ്ങളെ തുടര്‍ന്നും അല്ലാതെയും എതിര്‍പ്പും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ ഇഷ്ടമില്ലാത്തവരുടെ ചിത്രം മോര്‍ഫ് ചെയ്യുന്ന പരിപാടി ശുദ്ധ തോന്നിവാസമാണെന്നും സ്വരാജ് പറയുന്നു.

ഇതിന് മറുപടിയായി ബല്‍റാമിന്റെ ചിത്രവും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. സഖാക്കള്‍ എന്നവകാശപ്പെട്ടാണ് ചിലര്‍ ഇത് ചെയ്തത്. തുല്യനാണയ പ്രതികരണം എന്ന നിലക്കാവാം ഇത്. അതും അംഗീകരിക്കാനാവില്ലെന്നും സ്വരാജ് പറഞ്ഞു.


ബല്‍റാമിനെതിരായ നിരവധി മോര്‍ഫിംഗ് പോസ്റ്റുകളില്‍ ഒന്നില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തിയതായി കണ്ടു. അതിനൊന്നും ഒരു ന്യായീകരണവുമില്ല. സഖാക്കള്‍ എന്ന് സ്വയം അവകാശപ്പെട്ടാല്‍ ആരും സഖാവാകില്ല. ബല്‍റാമിന്റ നിലവാരം സഖാക്കള്‍ക്ക് ചേരുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more