| Wednesday, 12th May 2021, 11:46 am

നായനാര്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായത് 1987 ലല്ല 1996 ല്‍, അന്ന് ഗൗരിയമ്മ സി.പി.ഐ.എമ്മിലല്ല; മലയാള മനോരമ ലേഖനത്തിനെതിരെ സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ മരണവാര്‍ത്തക്കിടെയിലും സി.പി.ഐ.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് മലയാള മനോരമ ശ്രമിക്കുന്നത് എം. സ്വരാജ്. മനോരമയില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ 1987 ല്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നായനാരെ മുഖ്യമന്ത്രിയാക്കി എന്ന പരാമര്‍ശം തെറ്റാണെന്ന് സ്വരാജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സ്വരാജിന്റെ പ്രതികരണം.

1987 ല്‍ തൃക്കരിപ്പൂരില്‍ നിന്ന് നായനാര്‍ മത്സരിച്ചു വിജയിച്ചിരുന്നെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ നായനാര്‍ മുഖ്യമന്ത്രിയായത് 1996 ലാണെന്നും അന്ന് ഗൗരിയമ്മ സി.പി.ഐ.എമ്മിലില്ലെന്നും സ്വരാജ് പറഞ്ഞു.

1994 ലാണ് സി.പി.ഐ.എമ്മില്‍ നിന്ന് ഗൗരിയമ്മയെ പുറത്താക്കുന്നത്. മറ്റ് മാധ്യമങ്ങളും ഇതേ തെറ്റ് പ്രചരിപ്പിച്ചിരുന്നെന്നും എന്നാല്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തിരുത്തിയിരുന്നെന്നും സ്വരാജ് പറഞ്ഞു.

എന്നാല്‍ മനോരമ തിരുത്താന്‍ തയ്യാറായില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇതു കള്ളമാണ് ..
ഗൗരിയമ്മയുടെ മരണവേളയില്‍ സി പി ഐ (എം ) ന്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേര്‍ന്ന് ശ്രമിയ്ക്കുന്നത്.
നിറം പിടിപ്പിച്ച കഥകള്‍ ആവോളം അടിച്ചിറക്കന്നുണ്ട്.

അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ…..! എന്തൊക്കെ കള്ളങ്ങളാണിവര്‍ പറയുന്നത് .

ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ … പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങള്‍ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത് ?

സി പി ഐ (എം) വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോള്‍ ഭാവനകള്‍ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലില്‍ മുക്കിക്കൊല്ലുമ്പോള്‍ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

1987 ല്‍ തൃക്കരിപ്പൂരില്‍ നിന്നും സ: ഇകെ നായനാര്‍ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സി പി ഐ (എം ) ല്‍ ഇല്ല.
ഇതാണ് സത്യം .

ഭാവനാ വിലാസങ്ങള്‍ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കൊല്ലരുത് .

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M Swaraj Malayala Manorama KR Gouri Amma EK Nayanar CPIM

We use cookies to give you the best possible experience. Learn more