തങ്ങള്‍ക്കെതിരെ എം.എം മണി ഉയര്‍ത്തിയ ആരോപണങ്ങളെ പൊമ്പിളൈ ഒരുമയ്‌ക്കെതിരാക്കി മാറ്റാതെ മറുപടി പറയാന്‍ ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും കഴിയാത്തതെന്തുകൊണ്ട്?
Kerala
തങ്ങള്‍ക്കെതിരെ എം.എം മണി ഉയര്‍ത്തിയ ആരോപണങ്ങളെ പൊമ്പിളൈ ഒരുമയ്‌ക്കെതിരാക്കി മാറ്റാതെ മറുപടി പറയാന്‍ ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും കഴിയാത്തതെന്തുകൊണ്ട്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2017, 1:39 pm

മന്ത്രി പറഞ്ഞത് തെറ്റാണ് ഞങ്ങളുടെ മാധ്യമ സ്ഥാപനത്തിന് ( സ്ഥാപന ഉടമയ്ക്ക്) ഒരിഞ്ച് കയ്യേറ്റ ഭൂമി പോലുമില്ല . ഇതു വരെ ഈ ലോകത്തിലെവിടെയും ഭൂമി കയ്യേറിയിട്ടില്ല. എന്നൊക്കെ ചങ്കൂറ്റത്തോടെ പറയാന്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്. ?


കൊച്ചി: മന്ത്രി എം.എം മണിയുടെ മൂന്നാര്‍ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലെ വീഴ്ചകളുണ്ടായെന്ന് ആരോപിച്ചും പ്രസംഗത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാത്തതിനെ കുറ്റപ്പെടുത്തിയും എം. സ്വരാജ് എം.എല്‍.എ. എം.എം മണി പറഞ്ഞ കാര്യങ്ങള്‍ പൊമ്പിളൈ ഒരുമെയ്‌ക്കെതിരാക്കി മാറ്റാതെ അതിലുയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരൊറ്റ മാധ്യമപ്രവര്‍ത്തകനും എന്തുകൊണ്ട് തയ്യാറാവുന്നില്ല എന്നാണ് സ്വരാജ് ചോദിക്കുന്നത്.

“തൂക്കിലേറ്റുന്നതിനു മുമ്പ്” എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സ്വരാജിന്റെ വിമര്‍ശനം. പൊമ്പിളൈ ഒരുമൈയുമായിബന്ധപ്പെട്ട മണിയുടെ പരാമര്‍ശത്തെ വ്യാഖ്യാനിച്ച മാധ്യമങ്ങള്‍ അതേ പ്രസംഗത്തില്‍ മണി ഉയര്‍ത്തിയ നേരിട്ടുള്ള പരാമര്‍ശങ്ങളോട് മൗനം പാലിക്കുന്നതെന്താണ് എന്നാണ് സ്വരാജ് ചോദിക്കുന്നത്.

പ്രസംഗത്തില്‍ മന്ത്രി വ്യക്തമായിത്തന്നെ കുറ്റപ്പെടുത്തിയത് ഉദ്യോഗസ്ഥ മേധാവികളെയും മാധ്യമ പ്രവര്‍ത്തകരെയുമാണ്. പോലീസ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ ഗസ്റ്റ്ഹൗസിലും കാട്ടിലുമൊക്കെ മദ്യപിച്ചു നടന്നുവെന്നത് ഒരു ആരോപണമായിത്തന്നെ ഉന്നയിക്കുന്നുണ്ട് . അതുപോലെ മൂന്ന് മാധ്യമ സ്ഥാപനങ്ങളെ പേരെടുത്ത് പറഞ്ഞു കൊണ്ട് അവര്‍ അവിടെ ഭൂമി കയ്യേറി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു എന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.” എന്നു പറയുന്ന സ്വരാജ് ഈ രണ്ട് ആരോപണങ്ങളോടും പ്രതികരിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും മുന്നോട്ടുവരാത്തതെന്തുകൊണ്ടെന്ന് ചോദിക്കുന്നു.

“ഞങ്ങള്‍ ഒരു ഉദ്യോഗസ്ഥ മേധാവിയുടെയും , മുതലാളിയുടെയും ഓശാരം സ്വീകരിച്ചിട്ടില്ലെന്നും , അവിടെ മന്ത്രി പറയും പോലെ വെള്ളമടിച്ചു നടന്നിട്ടില്ലെന്നും ഞങ്ങളുടെ ബോധ്യങ്ങളാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും തലയുയര്‍ത്തി അഭിമാനത്തോടെ പറയാന്‍ എന്തുകൊണ്ടാണ് ഒരു മാധ്യമ പ്രവര്‍ത്തകനും കഴിയാത്തത് ?” എന്നും സ്വരാജ് ചോദിക്കുന്നു.


Must Read:‘നിങ്ങള്‍ക്ക് മണി അത്ര വലിയവനാണെങ്കില്‍ നിങ്ങളുടെ വീടുകളില്‍ കൊണ്ടു പോയി താമസിപ്പിച്ചോളൂ’; മണിയെ ന്യായീകരിക്കുന്ന സ്ത്രീ തോട്ടം തൊഴിലാളികളോട് ശോഭാ സുരേന്ദ്രന്‍


“മന്ത്രി പറഞ്ഞത് തെറ്റാണ് ഞങ്ങളുടെ മാധ്യമ സ്ഥാപനത്തിന് ( സ്ഥാപന ഉടമയ്ക്ക്) ഒരിഞ്ച് കയ്യേറ്റ ഭൂമി പോലുമില്ല . ഇതു വരെ ഈ ലോകത്തിലെവിടെയും ഭൂമി കയ്യേറിയിട്ടില്ല. എന്നൊക്കെ ചങ്കൂറ്റത്തോടെ പറയാന്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ് ?” എന്നും അദ്ദേഹം ചോദിക്കുന്നു.

കയ്യേറ്റങ്ങള്‍ക്കെതിരെ തൂലികയും ക്യാമറയും ചലിപ്പിക്കുമ്പോള്‍ സ്വന്തം സ്ഥാപനം തന്നെ ഒന്നാം തരം കയ്യേറ്റം നടത്തിയിട്ടുണ്ടെന്ന വസ്തുത മനസാക്ഷിയുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നു പറയുന്ന സ്വരാജ് പാട്ടക്കാലാവധി കഴിഞ്ഞ തോട്ടവും , റവന്യു ഭൂമിയും മാത്രമല്ല ക്ഷേത്രഭൂമി പോലും കയ്യേറി വേലി കെട്ടി സ്വന്തമാക്കിയവര്‍ കയ്യേറ്റത്തിനെതിരെ മുഖപ്രസംഗമെഴുതി രോഷം കൊള്ളട്ടെയെന്നും പറയുന്നു.

“തങ്ങള്‍ക്കുനേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ നാവു പൊങ്ങാത്ത സുഹൃത്തുക്കളെ , ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങുമ്പോള്‍ മലയാള മനോരമ മുതലാളിയോട് , അന്യായമായി കയ്യടക്കി വെച്ചിരിക്കുന്ന പന്തല്ലൂര്‍ ഭഗവതി ക്ഷേത്രഭൂമിയെങ്കിലും വിട്ടുകൊടുക്കാന്‍ പറയണേ”എന്നു പറഞ്ഞുകൊണ്ടാണ് സ്വരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മണിയുടെ പരാമര്‍ശം മാധ്യമങ്ങല്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും സ്വരാജ് ആരോപിക്കുന്നു.

“വ്യാഖ്യാനിച്ചുണ്ടാക്കുന്ന കഥകളുടെ ഉത്തരവാദിത്വം വ്യാഖ്യാനിക്കുന്നവര്‍ക്കു തന്നെയാണ്.
പറഞ്ഞ വാക്കുകളുടെ പേരില്‍ സഖാവ് എം.എം.മണിയെ വിമര്‍ശിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍ പറയാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കുന്നത് അനീതിയാണ്. ശുദ്ധ തെമ്മാടിത്തമാണ്. പ്രസംഗത്തില്‍ ഒരിടത്തും സ്ത്രീവിരുദ്ധമായതൊന്നും മന്ത്രി പറഞ്ഞിട്ടില്ല. “പൊമ്പിള ഒരുമൈ നടന്നു. അന്ന് ……” എന്ന പരാമര്‍ശം ആ കാലത്തെ അടയാളപ്പെടുത്താനായിരുന്നു എന്ന് പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും മനസിലാവും.” സ്വരാജ് പറയുന്നു.

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയെ സമരരംഗത്തിറക്കിയത് മാധ്യമങ്ങളാണെന്നും സ്വരാജ് ആരോപിക്കുന്നു.
“സ്ത്രീകളെ ആക്ഷേപിച്ചു എന്ന് പെരുമ്പറ മുഴക്കി അവരെ സമര രംഗത്തിറക്കിയത് മാധ്യമങ്ങളാണ്. ഇത് മാധ്യമ പ്രവര്‍ത്തനമല്ല, അന്തസില്ലായ്മയാണ് . ഭീരുത്വവും അല്‍പത്തരവുമാണ്. അപഹാസ്യമായി മാറിയ “മൂന്നംഗ സമരം ” ലൈവ് ടെലികാസ്റ്റ് നടത്തി സായൂജ്യമടയുന്നവര്‍ക്ക് ആ സ്ത്രീകളെ എങ്ങനെയെങ്കിലും “സമര” ത്തില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ട്.” അദ്ദേഹം പറയുന്നു.